p

തിരുവനന്തപുരം : കൊതുക് പരത്തുന്ന വെസ്റ്റ് നൈൽ വൈറസ് പനി മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. കൊതുക് നിവാരണവും ഉറവിട നശീകരണവും ഉറപ്പാക്കണമെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്കുള്ള നിർദ്ദേശം. ജില്ലാ ഭരണകൂടങ്ങളും തദ്ദേശ സ്ഥാപനങ്ങളും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണം.

ഈ വൈറസിനെതിരായ മരുന്നോ വാക്‌സിനോ ലഭ്യമല്ലാത്തതിനാൽ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പ്രതിരോധവുമാണ് പോംവഴി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് വിവിധ ഭാഗങ്ങളിൽ നിന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 2011മുതൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ക്യൂലക്സ് കൊതുകാണ് രോഗം പരത്തുന്നത്. ജപ്പാൻ ജ്വരത്തിന് സമാനമായ ലക്ഷണമാണെങ്കിലും അത്രയും അപകടകരമല്ല. ജപ്പാൻ ജ്വരം18വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. വൈസ്റ്റ് നൈൽ പനി മുതിർന്നവരെയാണ് പിടികൂടുന്നത്. രണ്ടും കൊതുകു വഴിയാണ് പകരുന്നത്. ജപ്പാൻ ജ്വരത്തിന് വാക്‌സിനുണ്ട്. വെസ്റ്റ് നൈലിന് അതില്ല.

പക്ഷികളിലും രോഗബാധയുണ്ടാകും. 1937ൽ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യം കണ്ടെത്തിയത്. 2011ൽ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്.

അഞ്ചുപേരിൽ രോഗം സ്ഥിരീകരിച്ചു

വിവിധ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ അഞ്ചുപേരിൽ രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ മൂന്നു പേർക്കും നന്മണ്ട, കൂടരഞ്ഞി പ്രദേശങ്ങളിലെ രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ നാലുപേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാൾ ചികിത്സയിലാണ്.

മലപ്പുറത്ത് നിന്നെത്തിയ രണ്ടുപേരിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഒരാളിലും രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിൽ മരിച്ച രണ്ടുപേരിലും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

രോഗം നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കോഴിക്കോട് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു.

ലക്ഷണങ്ങളെ കരുതണം

തലവേദന,പനി,പേശിവേദന,തലചുറ്റൽ,ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഭൂരിപക്ഷം പേരിലും രോഗലക്ഷണങ്ങൾ പ്രകടമല്ല. ചിലർക്ക് പനി,തലവേദന,ഛർദ്ദി,ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങളുണ്ടാകാം. ഒരു ശതമാനം ആളുകളിൽ വൈറസ് തലച്ചോറിനെ ബാധിക്കുന്നതിനാൽ ബോധക്ഷയവും ചിലപ്പോൾ മരണവും സംഭവിക്കാം. ജപ്പാൻ ജ്വരത്തെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണ്.

പ്രതിരോധവും ചികിത്സയും

കൊതുകു കടി ഏൽക്കാതിരിക്കുക.

ശരീരം മൂടുന്ന വസ്ത്രം ധരിക്കുക.

കൊതുകിനെ തുരത്തുക

കൊതുകിന്റെ ഉറവിടം നശിപ്പിക്കുക

സ്വയം ചികിത്സ പാടില്ല

പേര് വന്നത്

1937ൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. അതിനാലാണ് വെസ്റ്റ് നൈൽ എന്ന പേര്. ഈജിപ്ത്, ഏഷ്യ, ഇസ്രയേൽ, യൂറോപ്പ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

മഴക്കാലപൂർവ ശുചീകരണം കൂടുതൽ ശക്തമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ആശങ്ക വേണ്ട. പനിയോ മറ്റ് ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം.

-വീണാ ജോർജ്

ആരോഗ്യമന്ത്രി