തിരുവനന്തപുരം: താത്കാലിക അദ്ധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്കും പി.ടി.എയ്ക്കും കൂടി അനുമതി നൽകിയത് സ്കൂളുകളുടെ പ്രവർത്തനം തടസപ്പെടാതിരിക്കാനാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനങ്ങൾ തന്നെയാണ് സർക്കാരിന്റെ ആദ്യ പരിഗണന. എന്നാൽ വേണ്ടത്ര മനുഷ്യവിഭവശേഷി ലഭ്യമാകാത്ത സാഹചര്യത്തിൽ മറ്റ് വഴികൾ തേടേണ്ടി വരും. എസ്.എസ്.എൽ.സി.ക്ക് മികച്ച വിജയമാണ് സംസ്ഥാനത്തുണ്ടാകാറുള്ളത്. ഇതുമായി ബന്ധപ്പെട്ട അധിക ബാച്ചുകളും സീറ്റുകളുടെ മാർജിനൽ വർദ്ധനവും നേരത്തെ തന്നെ നടത്തിയിട്ടുണ്ട്.
പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിന് സ്വാഭാവികമായ കാലതാമസം ഉണ്ടാകും. പഠന പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാനാണ് അടിയന്തര സാഹചര്യങ്ങളിൽ താത്കാലിക നിയമനങ്ങൾ നടത്തുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സർക്കാർ,എയ്ഡഡ് മേഖലകളിലായി 30,273 നിയമനങ്ങളാണ് നടത്തിയത്. ഒരു അദ്ധ്യയന വർഷം മുഴുവൻ പഠിപ്പിക്കാൻ അദ്ധ്യാപകരെ ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും മന്ത്രി പറഞ്ഞു.
സർക്കാർ വേതനം നൽകുന്ന താത്കാലിക - കരാർ നിയമനങ്ങളെല്ലാം എംപ്ളോയ്മെന്റ് എക്സേഞ്ചുകൾ വഴിയാകണമെന്ന ചട്ടം മറികടന്ന് പി.ടി.എകൾ താത്കാലിക അദ്ധ്യാപക നിയമനം നടത്തുന്നതിൽ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ വർഷം എംപ്ളോയ്മെന്റ് എക്സേഞ്ചുകളെ മറികടന്ന് 11,000 നിയമനങ്ങളാണ് പി.ടി.എകൾ നടത്തിയത്.
കുട്ടികളുടെ സുരക്ഷ
പ്രധാനം: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: അദ്ധ്യയന വർഷാരംഭം മുതൽ കുട്ടികളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. ജൂൺ മൂന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം.
സ്വകാര്യ - പൊതുവാഹനങ്ങൾ, സ്കൂൾ ബസ് തുടങ്ങിയവ പാലിക്കേണ്ട മുൻകരുതലുകൾ, റോഡ്, റെയിൽവേ ലൈൻ എന്നിവ ക്രോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ജലഗതാഗതം ഉപേയാഗിക്കുന്ന കുട്ടികളുടെ സുരക്ഷ എന്നിവ സ്കൂൾതലത്തിൽ അവലോകനം നടത്തണം.
തദ്ദേശസ്വയംഭരണ ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള സ്കൂൾ കെട്ടിടങ്ങൾക്കേ പ്രവർത്തനാനുമതി നൽകാവൂ. സ്കൂളിൽ സുരക്ഷിതവും പ്രചോദനപരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കണം. ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണനയും അടിസ്ഥാന സൗകര്യം ഉറപ്പാക്കണം. ഇക്കാര്യത്തിൽ അദ്ധ്യാപകരെ ബോധവത്കരിക്കണം. കുട്ടികളുടെ സുരക്ഷ, അവകാശം എന്നിവ മുൻനിറുത്തി സ്കൂളുകൾ മാർഗനിർദ്ദേശങ്ങൾ പാലിക്കണം. പി.ടി.എ, തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൂർവവിദ്യാർത്ഥി സംഘടന തുടങ്ങിയവ മുൻകൈയെടുത്ത് ക്ലാസും സ്കൂളും പരിസരവും വൃത്തിയാക്കണം.
പ്രവേശനോത്സവം തത്സമയം
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സ്കൂളുകളിൽ തത്സമയം പ്രദർശിപ്പിക്കണം. പ്രവേശനോത്സവ പരിപാടികൾ ജനകീയ ഘടകങ്ങളുമായി ആലോചിച്ച് സംഘടിപ്പിക്കണം. യോഗത്തിൽ ദുരന്ത നിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ശേഖർ ലൂക്കോസ്, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റുമാർ, മേയർമാർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു.
എസ്.എസ്.എൽ.സി ഫലം
സഫലം 2024 ആപ്പിലും
തിരുവനന്തപുരം: എസ്.എസ്.എൽ.സി / ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന ക്ലൗഡ് പോർട്ടലിന് പുറമെ 'സഫലം 2024' എന്ന മൊബൈൽ ആപ്പും കൈറ്റ് സജ്ജമാക്കി. വ്യക്തിഗത റിസൾട്ടിനു പുറമെ സ്കൂൾ വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനം, റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും 'റിസൾട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'Saphalam 2024' ആപ് ഡൗൺലോഡ് ചെയ്യാം.
സ്കൂൾ പ്രവേശനോത്സവ ഗാനം:
രചനകൾ ക്ഷണിച്ചു
തിരുവനന്തപുരം : ഈ അദ്ധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവ ഗാനത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് രചനകൾ ക്ഷണിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്രം ഉൾക്കൊള്ളുന്ന രചനകൾ മേയ് 14നകം പൊതുവിദ്യാഭ്യാസ ഡയറക്ടർ, ക്യു.ഐ.പി സെക്ഷൻ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം - പിൻ - 695 014 വിലാസത്തിൽ ലഭിക്കണം. ഇ - മെയിൽ: supdtqip.dge@kerala.gov.in