പോത്തൻകോട്: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് പാറയുമായി പോയ ടോറസ് ലോറിക്ക് തീപിടിച്ചു. ആളപായമില്ല. ഇന്നലെ ഉച്ചയ്‌ക്ക് 12ന് പോത്തൻകോട് ജംഗ്ഷനിൽ അയിരൂപ്പാറ സർവീസ് സഹകരണ ബാങ്കിന് സമീപത്തായിരുന്നു സംഭവം.
വെട്ടുറോഡ് ഭാഗത്ത് നിന്ന് പോത്തൻകോട്ടേക്ക് പോയ ടാേറസ് ലോറിയുടെ ക്യാബിനിൽ തീ പടരുന്നത് കണ്ട ഡ്രൈവർ അരുൺ ലോറിയിലുണ്ടായിരുന്ന ഫയർ എക്‌സിറ്റിംഗ്യൂഷർ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ലോറിയിൽ നിന്ന് പുറത്തിറങ്ങി ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
കഴക്കൂട്ടത്ത് നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. എഞ്ചിനും ലോറിയുടെ ക്യാബിനും പൂർണമായി കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കഴക്കൂട്ടം സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജേഷ് കുമാർ,ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ സനു,അരുൺ,മുഹമ്മദ് സജിത്ത്,ശ്രീജിത്ത്,അനസ്,മുഹമ്മദ് റമീസ്,ഡ്രൈവർമാരായ അനിൽകുമാർ,രാകേഷ്,ഹോം ഗാർഡുമാരായ സുരേഷ് കുമാർ,ചന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.