മലയിൻകീഴ്: കഴിഞ്ഞ ദിവസം അന്തരിച്ച സിനിമാ,സീരിയൽ താരം കനകലതയ്‌ക്ക് പ്രിയപ്പെട്ടവരുടെ യാത്രാമൊഴി. ഉച്ചയ്‌ക്ക് ഒന്നോടെ മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു. കനകലതയുടെ മലയിൻകീഴ് വിളവൂർക്കൽ പൊറ്റയിൽ പുളിയറക്കടയിലെ 'കനകം' വീട്ടിലെത്തി മന്ത്രി സജിചെറിയാൻ സർക്കാരിനു വേണ്ടി അന്തിമോപചാരമർപ്പിച്ചു. വീട്ടിൽ മാത്രമായിരുന്നു പൊതുദർശനം.
നടന്മാരായ ഇന്ദ്രൻസ്,പൂജപ്പുര രാധാകൃഷ്ണൻ,സാജൻസൂര്യ,നിർമ്മാതാവ് സുരേഷ് കുമാർ,സംവിധായകൻ ബി.ഉണ്ണിക്കൃഷ്‌ണൻ,ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി,അസോസിയേഷൻ ഒഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ് സംഘടനയിലെ ഗീതാനായർ, ലിസി ബാബു,തിരുമല രാമചന്ദ്രൻ,കൃഷ്‌ണപ്രസാദ്,മായാ വിശ്വനാഥ്,മുംതാസ്,കോൺഗ്രസ് നേതാക്കളായ മലയിൻകീഴ് വേണുഗോപാൽ,ശരത് ചന്ദ്രപ്രസാദ്, വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ലാലിമുരളി,വൈസ് പ്രസിഡന്റ് ജി.കെ.അനിൽകുമാർ,പൊറ്റയിൽ മോഹനൻ,മുരളി എന്നിവരും അന്തിമോപചാരം അർപ്പിച്ചു.