ആറ്റിങ്ങൽ: ദേശീയപാതയിൽ മൂന്നുമുക്ക് - പൂവമ്പാറ മേഖല നാലുവരിപ്പാതയാക്കിയതിന്റെ ഭാഗമായി നിർമ്മിച്ച നടപ്പാത തകർന്ന നിലയിൽ.മൂന്ന് വർഷം മുൻപാണ് ദേശീയപാത നവീകരിച്ച് നാലുവരിപാതയാക്കിയത്. പാത നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച നടപ്പാതയുടെ പലഭാഗവും തകർന്നുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച ദേശീയപാത നിർമ്മാണത്തിന്റെ ആദ്യഘട്ടം മുതൽ വിവാദങ്ങൾ ഉയർന്നിരുന്നു.ഇന്റർ ലോക്ക് പാകിയ നടപ്പാതയാണിപ്പോൾ തകർന്നു കിടക്കുന്നത്. ഓടകൾക്ക് മുകളിൽ സ്ലാബ് ഇട്ടശേഷം അതിനുമുകളിൽ ഇന്റർലോക്ക് പതിച്ച നടപ്പാതകളിൽ പലയിടങ്ങളിലും സ്ലാബ് തകർന്ന് നടപ്പാത പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. രാജ്യാന്തര നിലവാരത്തിൽ നിർമ്മിച്ച നാലുവരിപ്പാതയാണെങ്കിലും നിർമ്മാണപ്പിഴവ് വെള്ളക്കെട്ടിനും പാതയിൽ കുഴികൾ രൂപപ്പെടലിനും കാരണമായി. റോഡിൽ നടപ്പാതയിൽ നിന്ന് റോഡിലിറങ്ങാൻ കഴിയാത്ത തരത്തിൽ കമ്പിവേലികൾ സ്ഥാപിച്ചെങ്കിലും പിന്നീട് അതെല്ലാം നീക്കം ചെയ്തതും നടപ്പാത തകരാൻ കാരണമായി. ഇപ്പോൾ നടപ്പാതയിലൂടെ നടക്കുന്നയാൾ നിയന്ത്രണം വിട്ടാൽ ദേശീയപാതയിൽ ചെന്ന് വീഴുന്ന നിലയിലാണ്.