പാറശാല: പൊതുജനസേവനം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതികൾ പലതും ഉദ്ഘാടനം കഴിഞ്ഞതോടെ വഴിമുടങ്ങിയ അവസ്ഥയിലാണ്. ചില പദ്ധതികളാവട്ടെ ചുരുക്കം ചില ദിവസത്തേക്കെങ്കിലും പ്രവർത്തിക്കും പിന്നീട് ആരും തിരിഞ്ഞുനോക്കാതെ പെരുവഴിയാകും. പൊതുജനസേവനം ലക്ഷ്യമിട്ട് നടപ്പാക്കിയ വഴിയിടങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, വഴിവിളക്കുകൾ, ചെറുകിട കുടിവെള്ള പദ്ധതികൾ, പൊതു ടോയ്‌ലെറ്റുകളെല്ലാം ഇത്തരത്തിൽ താഴുവീണ പദ്ധതികളിൽ ഉൾപ്പെടും.
പദ്ധതിയുടെ നിർമ്മാണം എം.പി ഫണ്ടോ, എം.എൽ.എ ഫണ്ടോ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചിട്ടാണെങ്കിലും നാട്ടുകാർക്ക് അധികനാൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്.
ലക്ഷങ്ങൾ ചെലവാക്കി നിർമ്മിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തികാതെ വരുന്നതോടെ ഇവിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറും.
ലക്ഷ്യമൊന്ന്, പ്രവർത്തനം വേറെ
പാറശാല പഞ്ചായത്തിന്റെ പൊതുഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള പവതിയാൻവിള ജംഗ്‌ഷനിലെ വിശ്രമകേന്ദ്രം ഇപ്പോൾ ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗ് സ്റ്റേഷനാണ്. ഇവിടെ ബസ് യാത്രക്കാർ പൊരിവെയിലത്ത് നിൽക്കേണ്ട അവസ്ഥയിലാണ്. പരശുവയ്ക്കൽ ജംഗ്‌ഷനിൽ സ്ഥാപിച്ചിട്ടുള്ള വിശ്രമ കേന്ദ്രമാകട്ടെ സാമൂഹിക വിരുദ്ധരുടെ താവളമായി. ഹൈമാസ്റ്റ് ലൈറ്റുകളും ലോമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും കണ്ണടച്ചു. പൊതുകിണറുകൾ സംരക്ഷിക്കപ്പെടാതെ ഉപയോഗ ശൂന്യമായി.