തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനുള്ള ഫോറൻസിക്ക് പരിശോധനകളിൽ ഉൾപ്പെടെ നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചതിന് സി.ഇ.ടിയ്ക്ക് പേറ്റന്റ്.
ഡിജിറ്റൽ ചിത്രങ്ങളുടെ ആധികാരികത നിർണയിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമുള്ള സാങ്കേതികവിദ്യയാണ് കണ്ടുപിടിച്ചത് . സി.ഇ.ടിക്ക് ലഭിക്കുന്ന ആദ്യത്തെ സോഫ്റ്റ്‌വെയർ പേറ്റന്റാണ്. മാർ ബസേലിയോസ് കോളേജ് ഒഫ് എൻനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറും സി.ഇ.ടിയിലെ മുൻ ഗവേഷക വിദ്യാർത്ഥിയുമായ ഡോ.എൻ.ആർ.നീന രാജാണ് സാങ്കേതികവിദ്യവികസിപ്പിച്ചത്. സി.ഇ.ടിയുടെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിൽ ആയിരുന്നു ഗവേഷണം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ എസ്.പി.എഫ്.യു ഡയറക്ടറും സി.ഇ.ടിയുടെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിലെ മുൻ പ്രൊഫസറുമായ ഡോ.ആർ.ശ്രീലക്ഷ്മിയാണ് നേതൃത്വം നൽകിയത്. ഡിജിറ്റൽ ചിത്രത്തിലെ മാറ്റം വരുത്തിയ ഭാഗങ്ങൾ തിരിച്ചറിയാനും ഇതിന് കഴിയും.
രോഗനിർണയം, കുറ്റാന്വേഷണം തുടങ്ങിയ മേഖലകളിൽ തെളിവുകളായി ഉപയോഗിക്കുന്ന ഡിജിറ്റൽ ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കാം. മൊബൈൽ ഫോൺ, ഡിജിറ്റൽ ക്യാമറ എന്നിവ ഉപയോഗിച്ച് പകർത്തിയതോ കംപ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്നതോ ആയ ഡിജിറ്റൽ ചിത്രങ്ങളുടെ ആധികാരികത നിർണയിക്കുന്നതിനും കഴിയും.