തിരുവനന്തപുരം: മുഖ്യമന്ത്രി ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ എന്നിവിടങ്ങളിൽ 16ദിവസത്തെ യാത്രപോയ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ ഒമ്പതരയ്ക്ക് ഓൺലൈനായി ചേരാനിരുന്ന മന്ത്രിസഭായോഗം മാറ്റിവച്ചു. അജൻഡയിൽ ഒരിനം മാത്രമുള്ള സാഹചര്യത്തിൽ മന്ത്രിസഭായോഗം തത്കാലത്തേക്ക് മാറ്റുന്നതായി ഇന്നലെ വൈകിട്ട് ചീഫ് സെക്രട്ടറി മന്ത്രിമാരെ അറിയിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഭർത്താവ് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഇന്തോനേഷ്യയിലുണ്ട്. ഗതാഗതമന്ത്രി കെ.ബി ഗണേശ് കുമാറും ഇന്തോനേഷ്യയിൽ ടൂറിലാണ്. കഴിഞ്ഞ വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ, അടുത്തയാഴ്ച ഓൺലൈനായാവും യോഗം ചേരുകയെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ വിദേശ സന്ദർശനത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. 3രാജ്യങ്ങളിലെ സന്ദർശന വിവരം പത്രങ്ങളിലൂടെയാണ് മിക്ക മന്ത്രിമാരും അറിഞ്ഞത്. ഗവർണറെയും യാത്രാവിവരം അറിയിച്ചിരുന്നില്ല. മുൻകാലങ്ങളിൽ നേരിട്ടെത്തിയും കത്തിലൂടെയുമൊക്കെ വിവരം അറിയിക്കാറുണ്ടായിരുന്നു.