ruksana

കഴക്കൂട്ടം: ദേശീയ പാതയിൽ ടിപ്പർ ലോറിക്കടിയിൽ സ്കൂട്ടർ യാത്രക്കാരിയായ അദ്ധ്യാപികയ്‌ക്ക് ദാരുണാന്ത്യം. മാടൻവിള എസ്.ഐ.യു.പി.എസിന് സമീപം താമസിക്കുന്ന ഫൈസലിന്റെ ഭാര്യ റുക്സാനയാണ് (38) മരിച്ചത്. പെരുമാതുറ മാടൻവിള ശംസുൽ ഇസ്ലാം യു.പി സ്കൂളിലെ അദ്ധ്യാപികയാണ്. സ്‌കൂട്ടർ ഓടിച്ച ശംസുൽ ഇസ്ലാം യു.പി സ്കൂളിലെ അദ്ധ്യാപികയും റുക്സാനയുടെ സുഹൃത്തുമായ സമീഹയ്‌ക്ക് പരിക്കേറ്റു.

ഇന്നലെ വൈകിട്ട് 3.30ന് കഴക്കൂട്ടം വെട്ടുറോഡ് ജംഗ്ഷനിലായിരുന്നു അപകടം. അദ്ധ്യാപകരെ മറികടക്കുന്നതിനിടെ ടിപ്പറിന്റെ പിൻവശം തട്ടി സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് റുക്‌സാന ടിപ്പറിന്റെ പിൻചക്രത്തിലേക്ക് തെറിച്ചു വീണു. സമീപത്ത് ബസ് കാത്തു നിന്നവരുടെ നിലവിളി കേട്ടാണ് ഡ്രൈവർ വണ്ടി നിറുത്തിയത്.

ഗുരുതരമായി പരിക്കേറ്റ റുക്സാനയെ നാട്ടുകാർ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്‌കൂളിലേക്കുള്ള പൂവ് വാങ്ങാൻ കഴക്കൂട്ടത്ത് പോയ ശേഷം മടങ്ങുകയായിരുന്നു റുക്സാനയും സമീഹയും. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. മക്കൾ: ഫഹദ്, യാസർ.