വിഴിഞ്ഞം: തുറമുഖ വാർഫിലേക്ക് നാളെ ശ്രീലങ്കൻ ടഗ്ഗ് എത്തുന്നു.അദാനി തുറമുഖ കമ്പനിയുടെ ശാന്തിസാഗർ 10 എന്ന ഡ്രഡ്ജറിനെ കെട്ടിവലിച്ച് ശ്രീലങ്കയിലേക്ക് കൊണ്ടു പോകുന്നതിനാണ് ടഗ്ഗ് വരുന്നത്.ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്നുള്ള മഹാവേവ എന്ന ടഗ്ഗാണ് വിഴിഞ്ഞത്തെ പുതിയ വാർഫിൽ നാളെ ഉച്ചയോടെ അടുക്കുന്നത്. ശ്രീലങ്കൻ തുറമുഖത്ത് അദാനി കമ്പനി നടത്തുന്ന പദ്ധതികളോടനുബന്ധിച്ചാണ് ഡ്രഡ്ജറിനെ കൊണ്ടു പോകുന്നതെന്നാണ് അധികൃതർ പറയുന്നത്. ടഗ്ഗ് ഡ്രഡ്ജറിനെ കൊണ്ടുപോയശേഷം വീണ്ടും തിരികെയെത്തി ജലാശ്വ എന്ന മറ്റൊരു ടഗ്ഗിനെയും കൊണ്ടുപോകും. ടഗ്ഗും ഡ്രഡ്ജറും വിദേശത്തേക്ക് കൊണ്ടുപോകുന്നതിനോടനുബന്ധിച്ച നടപടിക്രമങ്ങളുടെ ഭാഗമായി ഇവയിൽ കഴിഞ്ഞ ആഴ്ച അണുനശീകരണം നടത്തിയിരുന്നു. വിദേശ ടഗ്ഗ് തുറമുഖ വാർഫിനുള്ളിൽ എത്തുന്നത് ഇതാദ്യമായാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വാട്ടർലൈൻ ഷിപ്പിംഗ് ആൻഡ് ലോജിസ്‌റ്റിക്‌സ് പ്രൈ.ലി കമ്പനി മുഖാന്തരം എത്തുന്ന ശ്രീലങ്കൻ ടഗ്ഗിനു കസ്‌റ്റംസ് ക്ലിയറൻസ് ഉൾപ്പെടെ നടപടിക്രമങ്ങൾ നടത്തുന്നത് ആസ്‌പിൻ വാൾ ഷിപ്പിംഗ് കമ്പനിയാണ്.