തിരുവനന്തപുരം: വിവാദ ബസ് തടയൽ സംഭവത്തിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പനുസരിച്ച് പ്രതിയായി ചേർക്കപ്പെട്ട മേയർ ആര്യാ രാജേന്ദ്രൻ ഇന്നലെയും കോർപ്പറേഷൻ ഓഫീസിലെത്തി.
കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ പരാതിയിലാണ് കഴിഞ്ഞ ദിവസം രാത്രി മേയർ,​ഭർത്താവ് കെ.എം.സച്ചിൻ ദേവ് എം.എൽ.എ,​ മേയറുടെ സഹോദരൻ അരവിന്ദ്,സഹോദരന്റെ ഭാര്യ ആര്യ,കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവരുടെ പേരിൽ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്‌തത്.
പ്രത്യേക കമ്മിറ്റികൾ ഒന്നുമുണ്ടായില്ലെങ്കിലും മേയർ നിരവധി ഫയലുകൾ പരിശോധിച്ച് തീർപ്പാക്കി. തന്നെ കാണാനെത്തിയ കൗൺസിൽ അംഗങ്ങൾ,ജീവനക്കാർ,​പൊതുജനങ്ങൾ എന്നിവരെയും മേയർ കണ്ടു. ഡെപ്യൂട്ടി മേയർ പി.കെ.രാജുവിനെയും കണ്ടിരുന്നു. വൈകിട്ട് അഞ്ചിന് ശേഷമാണ് മേയർ ഓഫീസിൽ നിന്ന് മടങ്ങിയത്.

മൊഴിയെടുക്കാൻ ഹാജരായില്ല

സംഭവത്തിൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ടിന് ആദ്യം പരാതി നൽകിയ ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയലിനെ

കന്റോൺമെന്റ് പൊലീസ് ഇന്നലെ മൊഴി രേഖപ്പെടുത്താൻ വിളിച്ചിരുന്നെങ്കിലും എത്തിയില്ല.

യദുവിനെ ഉടൻ വിളിക്കും

ഡ്യൂട്ടി തടസപ്പെടുത്തിയെന്നാരോപിച്ച് നൽകിയ പരാതിയിൽ മൊഴി നൽകാൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിനെ പൊലീസ് വിളിച്ചുവരുത്തും. പരാതിക്കാരന്റെ മൊഴി വാങ്ങിയ ശേഷം മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻദേവ് എം.എൽ.എയേയും ചോദ്യം ചെയ്യും. മേയറുടെയും എം.എൽ.എയുടെയും സമയം ചോദിച്ചശേഷമാകും ചോദ്യം ചെയ്യൽ. ഇതിന് മുമ്പ് മേയറുടെ പരാതിയിൽ യദുവിനെതിരെ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം. യദു അശ്ളീല ആംഗ്യം കാണിച്ചെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചാൽ മേയർക്കും എം.എൽ.എയ്‌ക്കുമെതിരായ പരാതിയിൽ കഴമ്പില്ലെന്ന് തെളിയിക്കാൻ പൊലീസിനാവും.