തിരുവനന്തപുരം; അവധിക്കാലത്ത് വീടുപൂട്ടി യാത്രചെയ്യുന്നവർ അക്കാര്യം പൊലീസിന്റെ മൊബൈൽ ആപ്പ് വഴി അറിയിച്ചാൽ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലാക്കും. സംസ്ഥാനത്ത് ഏപ്രിൽ ഒന്നുമുതൽ മേയ് ആറുവരെ 1231 പേർ ഈ സൗകര്യം വിനിയോഗിച്ചു .
പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ-ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും വിവരം നൽകണം. യാത്രപോകുന്ന ദിവസങ്ങൾ, വീട് സ്ഥിതിചെയ്യുന്ന സ്ഥലം, വിലാസം, ബന്ധുവിന്റെയോ അയൽവാസിയുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകണം. ഏഴു ദിവസം മുൻപുവരെ പൊലീസിനെ അറിയിക്കാം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും. ഗൂഗിൾ പ്ലേ സ്‌റ്റോറിലും ആപ്പ്സ്‌റ്റോറിലും പോൽ-ആപ്പ് ലഭിക്കും.