തിരുവനന്തപുരം:നാളെ മുതൽ വേനൽ മഴ സജീവമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മലപ്പുറം,വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച ഇടുക്കിയിലും വേനൽമഴ ശക്തിപ്പെടും. ഈ മാസം 12 വരെ മഴ സാധ്യത നിലനിൽക്കുമെന്നാണ് അറിയിപ്പ്.
ചൂട് നേരിയതോതിൽ കുറഞ്ഞിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രിയും തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 38ഡിഗ്രിക്ക് മുകളിലും കൊല്ലം,ആലപ്പുഴ,കോട്ടയം,കണ്ണൂർ ജില്ലകളിൽ 37ഡിഗ്രിക്ക് മുകളിലുമായിരിക്കും ഇന്ന് ചൂട്. തെക്കൻ തമിഴ്നാട് തീരത്ത് കള്ളക്കടൽ പ്രതിഭാസമുണ്ടാകുമെന്നതിനാൽ ഇന്ന് ആ മേഖലയിൽ മീൻപിടിക്കാൻ പോകുന്നവർ ജാഗ്രത പുലർത്തണം.
ലൈഫിന് വായ്പാനുമതി
തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിക്കായി ഹഡ്കോയിൽ നിന്ന് 217.22കോടിരൂപ വായ്പ ലഭ്യമാക്കുമെന്ന് ധനവകുപ്പ് അറിയിച്ചു. നഗരസഭകളുടെ വിഹിതം നൽകുന്നതിനാണ് ഇൗ തുക വിനിയോഗിക്കുക.പി.എം.എ.വൈയിൽ (അർബൻ)കേന്ദ്ര സർക്കാർ അംഗീകരിച്ച വിശദ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള 10,861 പേർക്ക് വീട് നിർമ്മിക്കാനാണ് തുക വിനിയോഗിക്കുക.
മതത്തെ ഭരണകൂടവുമായി
കൂട്ടുന്നത് അപകടം: പുന്നല
കോട്ടയം: മതത്തെ ഭരണകൂടവുമായി ഇടകലർത്താനുള്ള നീക്കം അപകടകരമാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന നിർവാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർലമെന്ററി രംഗത്ത് നിലയുറപ്പിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടികൾ താത്കാലിക നേട്ടത്തിന് വേണ്ടി നടത്തുന്ന ഇത്തരം നീക്കങ്ങൾ ഭരണഘടനയുടെ അന്തഃസത്തയെ ഹനിക്കുന്നതും രാജ്യത്തിന്റെ നിലനിൽപ്പിനെ അപകടപ്പെടുത്തുന്നതുമാണ്. മുമ്പെങ്ങുമില്ലാത്ത വിധംലോക്സഭാ തെരെഞ്ഞെടുപ്പിൽ കണ്ട മതത്തിന്റെ പേരിലുള്ള മുതലെടുപ്പുകൾക്കെതിരെ ജനാധിപത്യസമൂഹം ജാഗ്രത പുലർത്തേണ്ടതാണന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പി.എ.അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ അഡ്വ.എ.സനീഷ്കുമാർ,എൻ.ബിജു,വി.ശ്രീധരൻ,പി.വി.ബാബു,ഡോ.ആർ.വിജയകുമാർ,എ.പി.ലാൽകുമാർ,പി.എൻ.സുരൻ,പി.ജെ.സുജാത തുടങ്ങിയവർ സംസാരിച്ചു.
ഈ മാസത്തെ
ക്ഷേമപെൻഷൻ:
തീരുമാനമായില്ല
തിരുവനന്തപുരം: ഏപ്രിൽ മുതൽ മാസംതോറും ക്ഷേമപെൻഷൻ നൽകുമെന്ന സർക്കാർ ഉറപ്പ് പാഴായി. ഈമാത്തെ വിതരണത്തിന് ഇതുവരെ തീരുമാനമായില്ല. വായ്പാലഭ്യതയുടെ പരിധി നിർണ്ണയിച്ച് കേന്ദ്രത്തിന്റെ അറിയിപ്പ് വരാത്തതും താത്കാലിക വായ്പാനുമതി കിട്ടാത്തതുമാണ് കാരണമായി പറയുന്നത്.
ഈ മാസം മുടങ്ങിയാൽ ആറു മാസ കുടിശികയാവും. ഇതു നൽകാൻ 5400കോടി വേണ്ടിവരും. 900കോടിയാണ് ഒരുമാസത്തെ ക്ഷേമപെൻഷൻ ചെലവ്. കഴിഞ്ഞ നവംബർ വരെയുള്ള പെൻഷനാണ് വിതരണം ചെയ്തത്. നടപ്പ് വർഷത്തെ ബഡ്ജറ്റ് പ്രസംഗത്തിലും ക്ഷേമപെൻഷൻ അതത് മാസം വിതരണം ചെയ്യുമെന്ന് ഉറപ്പ് നൽകിയിരുന്നു.
സർക്കാർ ധനസഹായം നൽകണം : വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ ഉഷ്ണതരംഗത്തെ പ്രകൃതിദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങൾക്ക് ധനസഹായം നൽകണമെന്നും വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
കടുത്ത ചൂട് കാർഷിക-ക്ഷീര മേഖലകളിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകൾ കരിഞ്ഞു പോവുകയും ഉത്പാദനം കുറയുകയും ചെയ്തു. തോട്ടം മേഖലയിൽ ഉദ്പാദനത്തിൽ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഇതിൽ നിന്നു കരകയറാൻ കർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.