തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷനെക്കുറിച്ച് 'അവഗണനയുടെ ചൂളംവിളി" എന്ന പേരിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച പരമ്പരയിൽ പ്രതികരണവുമായി ദക്ഷിണ റെയിൽവേ. യാത്രക്കാരുടെ സുരക്ഷാ കാര്യത്തിൽ റെയിൽവേ യാതൊരു വിട്ടുവീഴ്‌ചയും ചെയ്യില്ലെന്നും മതിയായ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ദക്ഷിണ റെയിൽവേ പി.ആർ.ഒ വ്യക്തമാക്കി. എന്നാൽ കേരളകൗമുദി ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങൾ പലതും റെയിൽവേ നിഷേധിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ തിരുവനന്തപുരം-പേട്ട റൂട്ടിലെ ഒരു ട്രെയിനിന്റെ സ്റ്റോപ്പ് പോലും നിറുത്തലാക്കിയിട്ടില്ലെന്നും റെയിൽവേ വിശദീകരിച്ചു. അധികമായി അനുവദിച്ച സ്റ്റോപ്പുകൾ യാത്രക്കാർക്ക് ഉപകാരമാകുകയാണ് ചെയ്‌തിട്ടുള്ളത്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് പേട്ട സ്റ്റേഷനിൽ റെയിൽവേ നിരവധി നവീകരണങ്ങളാണ് നടത്തിയത്. സ്റ്റേഷനിൽ കാര്യങ്ങൾ നോക്കാൻ ഒരു ജീവനക്കാരൻ മാത്രമേയുള്ളൂവെന്ന വാദം ശരിയല്ലെന്നും റെയിൽവേ വക്താവ് അവകാശപ്പെട്ടു.