തിരുവനന്തപുരം : റെയിൽവേ സ്റ്റേഷനിൽ വച്ച് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെ ബാഗിൽ നിന്ന് 90,000 രൂപ കവർന്നു. ധനവകുപ്പ് ഉദ്യോഗസ്ഥനായ കൊല്ലം കുറ്റിച്ചിറ സ്വദേശിയുടെ പണമാണ് നഷ്ടമായത്. ശനിയാഴ്ച വൈകിട്ട് 5.30ന് കന്യാകുമാരി പുനലൂർ എക്സ്‌പ്രസ് ട്രെയിനിലായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നു കിളിക്കൊല്ലൂരിലേക്ക് പോകാനായി ജനറൽ കംപാർട്ട്‌മെന്റിൽ കയറിയതിനു പിന്നാലെ ബാഗ് കാണാതായെന്നാണ് ഉദ്യോഗസ്ഥന്റെ പരാതി. അന്വേഷിച്ചപ്പോൾ യാത്രക്കാർ കയറുന്ന തിരക്കിനിടയിൽ ഒരാൾ ബാഗ് എടുത്തുകൊണ്ട് ഓടിപ്പോകുന്നത് കണ്ടതായി ഒരു യുവതി പറഞ്ഞു. ഉടൻ പുറത്തിറങ്ങി പ്ലാറ്റ് ഫോമിൽ നിന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. എന്നാൽ ഉദ്യോഗസ്ഥൻ മോഷ്ടാവിനെ തെരയാൻ തയ്യാറാകാതെ സ്‌റ്റേഷനിൽ പരാതി എഴുതി നൽകണമെന്നുപറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും പരാതിക്കാരൻ പറഞ്ഞു. തമ്പാനൂർ റെയിൽവേ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി അറിയിച്ചപ്പോൾ സ്‌റ്റേഷനിലെ നിരീക്ഷണ ക്യാമറകൾക്ക് തെളിച്ചക്കുറവുണ്ടെന്നും മോഷ്ടാവിനെ കണ്ടെത്താൻ പ്രയാസമാണെന്നുമായിരുന്നു മറുപടി. ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി എഴുതി നൽകിയതിനു പിന്നാലെയാണ് തമ്പാനൂർ റെയിൽവേ പൊലീസ് കേസെടുക്കാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറയുമ്പോഴും പ്രതി ഇപ്പോഴും കാണാമറയത്താണ്.