k

തിരുവനന്തപുരം: ആനയറ മഹാരാജാസ് ഗാർഡൻസിലെ സ്വീവേജ് ലൈനിന് പുതിയ പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ ഇന്നലെ പുലർച്ചെയോടെ ആരംഭിച്ചു. നേരത്തെ പൈപ്പിടാനായി തുരങ്കം നിർമ്മിച്ചപ്പോൾ ബൈപ്പാസ്- കരിക്കകം റോഡ് രണ്ടുമീറ്ററോളം താഴ്ന്ന് അപകടഭീഷണി സൃഷ്ടിച്ചിരുന്നു. ഇത് മൂടുന്ന ജോലികളും ദേശീയപാത അതോറിട്ടി അധികൃതർ ഇന്നലെ രാത്രി 10ഓടെ തുടങ്ങി.

1,118 എം.എം എം.എസ് പൈപ്പാണ് സ്ഥാപിക്കുന്നത്. 900 എം.എം എച്ച്.ഡി.പി.ഇ പൈപ്പുകൾ സ്ഥാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പൈപ്പുകൾ തുരങ്കത്തിലേക്ക് സമയബന്ധിതമായി വലിച്ചിടാൻ കഴിയാത്തതിനാൽ കരാറുകാരനെ ഒഴിവാക്കി സ്വന്തം നിലയിൽ എം.എസ് പൈപ്പുകൾ സ്ഥാപിക്കാൻ ജല അതോറിട്ടി തീരുമാനിക്കുകയായിരുന്നു. പി.ടി.പിയിലെ ഓഫീസിൽ നിന്ന് അർദ്ധരാത്രിയോടെ ലോറിയിൽ പൈപ്പുകൾ ബൈപ്പാസിലെത്തിച്ചു. ദേശീയപാതയ്ക്ക് ഇരുവശവുമായി 45 മീറ്റർ വീതിയിൽ തുരങ്കത്തിലൂടെയാണ് പൈപ്പിടുന്നത്.

റോഡ് പൂർവാവസ്ഥയിലാക്കാനുള്ള ചെലവ് ജല അതോറിട്ടിയാണ് വഹിക്കുന്നത്. ദേശീയപാത അതോറിട്ടിയുടെ വിദഗ്ദ്ധരും സ്ഥലത്തുണ്ട്. റോഡ് പണിക്കൊപ്പം ജല അതോറിട്ടിയുടെ നേതൃത്വത്തിൽ കേസിംഗ് പൈപ്പുകളും സ്ഥാപിക്കും. വാട്ടർ അതോറിട്ടിയുടെ രണ്ട് ഓവർസീയർമാർ,​ പ്രോജക്ട് ഡിവിഷനിലെ അസിസ്റ്റന്റ് എൻജിനിയർ എന്നിവർ പണികൾക്ക് രാത്രി മേൽനോട്ടം വഹിക്കുന്നുണ്ട്.

ഉണർന്നുപ്രവർത്തിച്ച് ജല അതോറിട്ടി

കഴിഞ്ഞവർഷം പൈപ്പ് ഇടുന്നതിനായി കരാറെടുത്ത ഉദയബാബുവിന്,​ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ജല അതോറിട്ടി വീണ്ടും അവസരം നൽകിയിരുന്നു. രണ്ടാംതവണയും കരാറുകാരൻ ഉഴപ്പിയതോടെ അധികൃതർ ഉണർന്ന് പ്രവർത്തിച്ചു. കരാറുകാരനെതിരെ അടിയന്തര നടപടി സ്വീകരിച്ച്, പ്ളാൻ ബി ആസൂത്രണം ചെയ്തു. ഇതേത്തുടർന്നാണ് റോഡ് പണിക്കൊപ്പം എം.എസ് പൈപ്പുകൾ കൂടി സ്ഥാപിക്കാൻ തീരുമാനിച്ചത്. കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച കരാറുകാരൻ ഈമാസം പണികൾ തുടങ്ങിയതുമുതൽ ജല അതോറിട്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർമാർ,​ എക്സിക്യുട്ടീവ് എൻജിനിയർ,​ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പദ്ധതി പ്രദേശത്ത് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.