hi

വെഞ്ഞാറമൂട്: ഡൽഹി സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ മരണമടഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും മൃതദേഹം ഏറ്റെടുക്കാൻ ആരുമെത്തിയില്ല. വെഞ്ഞാറമൂട്ടിലെ ഒരു ഹോട്ടലിൽ പാചകക്കാരനായിരുന്ന സന്ദീപ് റോക്ക (31) ഏപ്രിൽ അഞ്ചിനാണ് പേരുമലയിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചത്. അസാം സ്വദേശി എന്നായിരുന്നു ഇയാൾ പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ മരണശേഷം അദ്ദേഹത്തിന്റെ ആധാർ പരിശോധിച്ചപ്പോൾ ത്യാഗരാജ് സ്റ്റേഡിയത്തിന് എതിർവശത്ത്, കോട്‌ല മുബാറക്പൂർ, ലോധി റോഡ്, സെൻട്രൽ ഡൽഹി, ലോധി റോഡ്, ഡൽഹി എന്നാണ് വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ നാലിന് രാത്രിഹോട്ടൽ ജോലി കഴിഞ്ഞ് പേരുമലയിലെ താമസസ്ഥലത്തേക്ക് പോയിരുന്നു. പിറ്റേന്ന് രാവിലെ 9 മണിയായിട്ടും കടയിൽ എത്താത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് റൂമിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ വെഞ്ഞാറമൂട് പൊലീസിൽ വിവരം അറിയിച്ചു. സന്ദീപിന്റെ ഫോണിൽ ഉണ്ടായിരുന്ന നമ്പറുകളിൽ വിളിച്ചിട്ട് ആരും എടുത്തിരുന്നില്ല. പല നമ്പറുകളും നേപ്പാളിൽ നിന്നുള്ളവയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.