കിളിമാനൂർ: സ്കൂൾ വിപണിയിലെ പ്രധാനിയായിരുന്ന കുട വിപണി ഇത്തവണ നേരത്തെ ഉണർന്നു. വേനൽച്ചൂടിൽ നിന്ന് രക്ഷനേടാനായിരുന്നു കുട വിപണി നേരത്തെ ഉണർന്നത്. തീവെയിലിൽ പുറത്തിറങ്ങാൻ കുട വേണമെന്നതിനാൽ രണ്ട് മാസമായി കച്ചവടം പൊടിപൊടിക്കുകയാണ്.
ബാഗിൽ കൊണ്ടുനടക്കാവുന്ന രണ്ട്, മൂന്ന്, അഞ്ച് മടക്കുകളുള്ള കുടകളുണ്ടെങ്കിലും സ്ത്രീപുരുഷ വ്യത്യാസമില്ലാതെ കാലൻ കുടകൾക്കാണ് പ്രിയം. ഒരുകാലത്ത് യുവത്വം മാറ്റിനിറുത്തിയിരുന്ന കാലൻകുടകൾ തിരക്കിയാണ് കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ എത്തുന്നത്.
വ്യത്യസ്തതയുമായി കാലൻ കുടകൾ ഇടംപിടിച്ചെങ്കിലും ആകർഷണീയമായ ഇത്തിരിക്കുഞ്ഞന്മാരും പിന്നിലല്ല. കാർബൺ ലൈറ്റ് എന്ന പേരിൽ അടുത്തിടെ വിപണിയിലെത്തിയ പുതിയ മോഡലിന് തൂക്കം വളരെ കുറവാണ്.ത്രീ ഫോൾഡ് കുടകളുടെ വിവിധ മോഡലുകളുമായി വൻകിട കമ്പനികളും കളംപിടിച്ചിട്ടുണ്ട്. കുട്ടികളെ ആകർഷിക്കുന്നതിനായി കാർട്ടൂൺ കഥാപാത്രങ്ങളും കുടയുടെ രൂപത്തിലുണ്ട്.
വെയിൽ ശക്തമായതോടെ കാൽനടയാത്രക്കാർ മാത്രമല്ല വാഹന യാത്രക്കാരും കുട കരുതാൻ തുടങ്ങി. മാർച്ച് പകുതിയോടെ കുടയ്ക്ക് ഡിമാന്റേറി.ഈ മാസം പകുതിയോടെ കുടക്കച്ചവടം തകൃതിയാകുകയാണ് പതിവ്. എന്നാൽ ഒന്നരമാസം മുന്നേ കച്ചവടം ഉഷാറായതോടെ സീസണിൽ കച്ചവടം കുറയുമോയെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്. വെയിലിനെ പേടിച്ച് മിക്ക വീടുകളിലും കുട സ്ഥാനം പിടിച്ചതോടെ മഴക്കാലത്തേക്കായി ഇനി വാങ്ങാൻ ആളെത്തുമോയെന്ന ആശങ്കയുമുണ്ട്.