വർക്കല: വേനൽ കടുത്തതോടെ വർക്കല- ശിവഗിരി റെയിൽവേ സ്റ്റേഷനിൽ വെള്ളവും കിട്ടാതെയായി. ഇതോടെ യാത്രക്കാരും ജീവനക്കാരും കുടിവെള്ളത്തിനായി പരക്കംപായേണ്ട അവസ്ഥ. മിക്ക സ്റ്റേഷനുകളിലും കിണറുകളുണ്ടെങ്കിലും വർക്കലയിൽ വാട്ടർഅതോറിട്ടിയുടെ പൈപ്പ് കണക്ഷനാണ് ആശ്രയം. അതുകൊണ്ടുതന്നെ വാട്ടർ അതോറിട്ടി വെള്ളം മുടക്കിയാൽ സ്റ്റേഷന് പിന്നെ ട്രൈ ഡെയാകും. വർഷത്തിൽ കുറഞ്ഞത് നൂറിലധികം ദിവസം വെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് ജീവനക്കാരും സ്ഥിരം യാത്രക്കാരും പറയുന്നത്. ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. പ്രതിവർഷം ഏകദേശം 20 കോടി രൂപയുടെ വരുമാനമാണ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്നത്. ഇത്രയും പ്രധാനപ്പെട്ട സ്റ്റേഷനിൽ വെള്ളമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
കിണറും ഉപയോഗ ശൂന്യം
മുൻപ് സ്റ്റേഷനിലെ ആവശ്യത്തിനുണ്ടായിരുന്ന കിണർ വാട്ടർ അതോറിട്ടിയുടെ വെള്ളം കിട്ടിയതോടെ ഉപയോഗശൂന്യമായി.
ചപ്പും ചവറും ഇട്ട് കിണറ്റിലെ വെള്ളം ഉപയോഗശൂന്യമായി. ക്രമേണ നീര് ഊറ്റ് അടയുകയുംചെയ്തു. ലോ ബഡ്ജറ്റ് ടൂറിസ്റ്റുകൾ ആശ്രയിക്കുന്നത് റെയിൽവേ സ്റ്റേഷനിലെ ടോയ്‌ലെറ്റിനെയാണ്. പലപ്പോഴും വെള്ളം ഇല്ലാത്തതുകൊണ്ട് സ്ത്രീകളടക്കമുള്ള യാത്രക്കാരും കുട്ടികളുമാണ് ബുദ്ധിമുട്ടുന്നത്. ഒപ്പം ഇവിടത്തെ വനിതാ ജീവനക്കാരും.
വിലകൊടുത്താൻ വെള്ളം
വെള്ളത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ അരുവിക്കര ഡാമിൽ നിന്നും ടാങ്കറിലാണ് വെള്ളം റെയിൽവേ എത്തിക്കുന്നത്, ഒരു ലോഡിന് ഏകദേശം 5000 ത്തോളം രൂപ വേണ്ടിവരും. എന്നാൽ ഇതും ഇടയ്ക്കിടെ മുടങ്ങാറുണ്ടെന്ന് ജീവനക്കാർ പറയുന്നു. 179 കോടിയുടെ പുതിയ കെട്ടിടംനിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും വെള്ളത്തിന് സുസ്ഥിരമായ സജ്ജീകരണം ഉണ്ടായിട്ടില്ല.
വേനൽക്കാലത്ത് വെള്ളമില്ലാത്ത സാഹചര്യത്തിൽ കുഴൽക്കിണർ നിർമ്മിച്ചു നൽകാമെന്ന വാഗ്ദാനവും അധികൃതർ പരിഗണിച്ചിട്ടില്ല. ഇവിടുത്തെ കിണർ വൃത്തിയാക്കിയെടുക്കുന്നതിന് വലിയ ചെലവുണ്ടാകില്ല.
വർക്കല-ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബ്രഹ്മാസ് മോഹനൻ