തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ തിരുവനന്തപുരത്ത് 99.08 ശതമാനം കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി.സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വിജയശതമാനമാണ് തിരുവനന്തപുരത്തിന്.കഴിഞ്ഞ വർഷം 98.96 ആയിരുന്നു വിജയ ശതമാനം. പരീക്ഷ എഴുതിയ 34,393 പേരിൽ 34,077 പേരും വിജയിച്ചു. ഇതിൽ 17,045 ആൺകുട്ടികളും 17,032 പെൺകുട്ടികളുമാണ്. 316 പേർ ഉപരിപഠനത്തിന് അർഹത നേടിയില്ല.എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത് 6330 പേർക്കാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസുകാർ (2429).തൊട്ടുപിന്നിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയാണ്(1986).കഴിഞ്ഞ തവണ 179 സ്‌കൂളുകളായിരുന്നു സമ്പൂർണ വിജയം നേടിയതെങ്കിൽ ഇത്തവണയിത് 163 ആണ്.സർക്കാർ മേഖലയിൽ 69 സ്‌കൂളുകളും എയിഡഡ് മേഖലയിൽ 45ഉം അൺഎയിഡഡ് മേഖലയിലെ 49 സ്‌കൂളുകളിലും പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു.ഏറ്റവും കൂടുതൽപേർ വിജയിച്ചത് ആറ്റിങ്ങൽ വിദ്യഭ്യാസ ജില്ലയിലാണ് (12727 പേർ).എന്നാൽ വിജയശതമാനത്തിൽ നെയ്യാറ്റിൻകരയാണ് മുന്നിൽ (99.18). തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയ്ക്ക് വിജയശതമാനം 99.07 ആണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ 99 ആണ് വിജയശതമാനം.