rajya-sabha-election

തിരുവനന്തപുരം: ജൂണിൽ തുടങ്ങുന്ന നിയമസഭയുടെ സമ്പൂർണ ബഡ്ജറ്റ് സമ്മേളനത്തിനിടെ ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം നേതാവ് എളമരം കരീം, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എന്നിവരുടെ രാജ്യസഭാ അംഗത്വ കാലാവധി ജൂലായ് ഒന്നിന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. തിരഞ്ഞെടുപ്പ് തീയതി വൈകാതെ ഇലക്ഷൻ കമ്മിഷൻ പ്രഖ്യാപിക്കും.

ജൂൺ പത്തുമുതൽ ജൂലായ് അവസാനം വരെയാകും സഭാസമ്മേളനം. ഇതിനുള്ള ശുപാർശ രണ്ടാഴ്ചയ്ക്കകം മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തും. ലോക കേരള സഭ ജൂൺ 13മുതൽ 15വരെ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്നതിനാൽ സഭാസമ്മേളനം അതിനുശേഷം തുടങ്ങാനും ആലോചനയുണ്ട്.

എന്നാൽ സഭാസമ്മേളനം നീട്ടിവച്ചാൽ ജൂലായ് 31നകം ധനാഭ്യർത്ഥന ചർച്ച നടത്തി ഉപധനാഭ്യർത്ഥനയും ധനവിനിയോഗ ബില്ലടക്കം പാസാക്കാനാവുമോയെന്ന ആശങ്കയുണ്ട്. അതിനാൽ ജൂൺ പത്തിന് സമ്മേളനം തുടങ്ങിയശേഷം ലോകകേരള സഭയ്ക്കായി 12ന് നിറുത്തിവച്ച് 18നോ 19നോ വീണ്ടും ചേരുന്നതാണ് പരിഗണനയിൽ. ധനാഭ്യർത്ഥന ചർച്ചയ്ക്ക് 13 ദിവസവും ധനവിനിയോഗ ബില്ലും ധനബില്ലും പാസാക്കാൻ മൂന്നു ദിവസവും വേണം. അത്യാവശ്യ മറ്റ് ബില്ലുകളടക്കം പരിഗണിക്കേണ്ടി വന്നാൽ എല്ലാത്തിനും കൂടി 22ദിവസം സഭ സമ്മേളിക്കേണ്ടി വരും.