വർക്കല: വർക്കലയിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിതരണം തടസപ്പെടുന്നതായി പരാതി. മണിക്കൂറുകളോളമുള്ള വൈദ്യുതി മുടക്കം കച്ചവട സ്ഥാപനങ്ങളിലും നിർമ്മാണ സേവന മേഖലകളിലും സാമ്പത്തിക നഷ്ടത്തിന് വഴിവയ്ക്കുന്നു. വർക്കല താലൂക്ക് ആശുപത്രി പരിസരങ്ങളിൽ മിക്കദിവസവും മുന്നറിയിപ്പില്ലാതെ വൈദ്യുതി വിതരണം നിലയ്ക്കുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വൈദ്യുതി ബന്ധം നിലയ്ക്കുന്നത് കിടപ്പുരോഗികളിലും വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കിയിരിക്കുന്നത്. ആശുപത്രി പ്രവർത്തനങ്ങളെയും വൈദ്യുതി വിതരണത്തിൽ ഉണ്ടായ മുടക്കം സാരമായി ബാധിച്ചിട്ടുണ്ട്. കണ്വാശ്രമം പ്രദേശത്താണ് 66 കെ.വി സബ്സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഈ മേഖലയിൽ രാത്രിയും പകലും ഒരുപോലെ വൈദ്യുതി വിതരണം മുടങ്ങുന്നുണ്ടെന്ന പരാതി ആഴ്ചകളായി നാട്ടുകാർ ഉന്നയിക്കുന്നു. വർക്കലയിലെ വ്യാപാരികളും സ്ഥിരമായുള്ള വൈദ്യുതി വിതരണത്തിൽ മുടക്കം സംഭവിക്കുന്നതിൽ അമർഷത്തിലാണ്. ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
ഒരേ മേഖലയിൽ എന്തിനാണ് ടച്ചിംഗ് വർക്ക്
വൈദ്യുതി വിതരണം മുടങ്ങുന്നതുമൂലമുണ്ടാകുന്ന ഭീമമായ നഷ്ടം വ്യാപാരികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിന് കാരണമാകുന്നു. പല നിർമ്മാണ സെറ്റുകളിലായി ഇരുന്നൂറോളം തൊഴിലാളികൾക്ക് പണിചെയ്യാൻ കഴിയാതെ മടങ്ങേണ്ടിവരുന്ന സാഹചര്യവുമുണ്ട്. റൈസ് ആൻഡ് ഫ്ലവർ മില്ലുകൾക്കും പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ധാന്യങ്ങളും മറ്റും പൊടിപ്പിക്കാൻ കഴിയാതെ നാട്ടുകാരും ബുദ്ധിമുട്ട് നേരിടുന്നു. മഴക്കാലത്തിനു മുന്നോടിയായി ലൈൻ കമ്പികളിൽ ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ മുറിക്കുന്നതിനായി വൈദ്യുതി കട്ട് ചെയ്തതാണ് എന്ന വിശദീകരണമാണ് അധികൃതരിൽ നിന്നും ലഭിക്കുന്നത്. ടച്ചിംഗ് വർക്ക് വൈദ്യുതി വിതരണം മുടങ്ങാൻ കാരണമായി കെ.എസ്.ഇ.ബി അധികൃതർ ചൂണ്ടിക്കാട്ടുമ്പോൾ ദിനവും ഒരേ മേഖലയിൽ എന്തിനാണ് ടച്ചിംഗ് വർക്ക് എന്നാണ് നാട്ടുകാരുടെ ചോദ്യം. വൈദ്യുതി മുടക്കം സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
ടൂറിസം മേഖലയിലും പ്രതിസന്ധി
ടൂറിസം മേഖലയിലും മണിക്കൂറുകളോളം വൈദ്യുതി വിതരണത്തിൽ തടസം നേരിടുന്നുണ്ട്. ലോഡ് കണക്ട് ചെയ്തിട്ടുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കേടാകുന്നതിന് അടിക്കടി വൈദ്യുതി നിലയ്ക്കുന്നത് കാരണമാകുന്നതായി സ്ഥാപന ഉടമകൾ പറയുന്നു. റിസോർട്ടുകളിലും ഹോംസ്റ്റേകളിലും താമസിക്കുന്ന സഞ്ചാരികളും നന്നേ ബുദ്ധിമുട്ടുകയാണ്.