ശംഖുംമുഖം : എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ തലസ്ഥാനത്ത് വലഞ്ഞത് ആയിരത്തിലേറെ യാത്രക്കാർ. ഒരു ആഭ്യന്തര സർവീസും നാല് ഗൾഫ് സർവീസുകളും ചൊവ്വാഴ്ച രാത്രിയും ഇന്നലെ രാവിലെയും രാത്രിയുമായി റദ്ദാക്കി. അതിനിടെ ഇന്നലെ വൈകിട്ടുള്ള ദുബായ്,ബഹ്റിൻ വിമാനങ്ങൾ പുറപ്പെട്ടത് നേരിയ ആശ്വാസമായി.
ചൊവ്വാഴ്ച രാത്രിയുള്ള ചെന്നൈ,ഷാർജ, ഇന്നലെ രാവിലെയുള്ള ദുബായ്, അബുദാബി രാത്രിയുള്ള ദമാം സർവീസുകളാണ് റദ്ദാക്കിയത്. അപ്രതീക്ഷിതമായി സർവീസുകൾ റദ്ദാക്കിയതോടെ ബോർഡിംഗ് പാസെടുത്ത് എമിഗ്രേഷനും കഴിഞ്ഞ് കാത്തിരുന്നവർ പ്രതിഷേധിച്ചു. ജോലിക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും പോകാനെത്തിയവരും അധികൃതരുമായി തകർക്കത്തിലായി. ഒടുവിൽ മറ്റുവഴികളില്ലാതെ മടങ്ങി.
ചൊവ്വാഴ്ച രാത്രി 9.30ന് ചെന്നൈയിലേക്കുള്ള വിമാനമാണ് ആദ്യം റദ്ദാക്കിയത്. ബോർഡിംഗ് പാസെടുത്ത് ഗേറ്റിന് മുന്നിൽ കാത്തുനിന്നപ്പോഴായിരുന്നു അറിയിപ്പുവന്നത്. രാത്രി 10.30ന് ഷാർജയിലേക്കുള്ള 180 യാത്രക്കാർ എമിഗ്രേഷൻ പരിശോധന കഴിഞ്ഞ് മണിക്കൂറോളം കാത്തിരുന്നിട്ടും വിമാനം എത്തിയില്ല. പ്രതിഷേധിച്ചപ്പോഴാണ് റദ്ദാക്കിയതായി അറിയിച്ചത്. തുടർന്ന് എമിഗ്രേഷൻ നടപടികൾ റദ്ദാക്കി യാത്രക്കാരെ ടെർമിലിൽ നിന്നു പുറത്തേക്ക് ഇറക്കിയെങ്കിലും എയർലൈൻസ് അധികൃതർ തിരിഞ്ഞുനോക്കിയില്ല. ഇതോടെ എയർഇന്ത്യ കൗണ്ടറിന് മുന്നിൽ യാത്രക്കാർ പ്രതിഷേധിച്ചു. ഒടുവിൽ ജീവനക്കാർ മാപ്പു പറഞ്ഞ് തലയൂരി.
പിന്നാലെ ഇന്നലെ രാവിലത്തെ ദുബായ്, അബുദാബി സർവീസുകൾ കൂടി റദ്ദാക്കിയെന്ന് അറിയിപ്പെത്തി. ഇതിലെ യാത്രക്കാർക്ക് ബോർഡിംഗ് പാസ് നൽകാതെ വിവരം പറഞ്ഞ് മടക്കി. ഇവരും വിമാനത്താവളത്തിൽ ബഹളം വച്ചതോടെ കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു.
വിസാകാലാവധി അവസാന ദിവസമായവരും ആശ്രുപത്രിയിൽ ബന്ധുകളുടെ അടുത്ത് എത്തേണ്ടവരുമുണ്ടായിരുന്നു. ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യാമെന്നും അല്ലെങ്കിൽ മറ്റെരു ദിവസത്തേക്ക് യാത്രാഅവസരം ഒരുക്കാമെന്നും അധികൃതർ വ്യക്തമാക്കി. മറ്റു മാർഗങ്ങളില്ലാതായതോടെ യാത്രക്കാർ നിരാശരായി മടങ്ങി.