32

ഉദിയൻകുളങ്ങര: പാറശാല സ്‌റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. പരശുവയ്‌ക്കൽ ആലംമ്പാറ സ്വദേശി മിഥുനെയാണ് (27) എലിവിഷം കഴിച്ച നിലയിൽ ആലമ്പാറയിലെ കുടുംബവീട്ടിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം.

മിഥുനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ കഴിയുന്ന ഇയാൾ അപകടനില തരണം ചെയ്‌തെന്നും രണ്ടുദിവസത്തിനുശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും പാറശാല പൊലീസ് പറഞ്ഞു.
വാഹന വില്പനയുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുന്നതു സംബന്ധിച്ച തർക്കത്തിൽ സുഹൃത്തിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിലാണ് പാറശാല പൊലീസ് മിഥുനെ തിങ്കളാഴ്ച അറസ്റ്റുചെയ്‌തത്. സ്റ്റേഷനിലെത്തിച്ച ശേഷം ചോദ്യംചെയ്യൽ ഭയന്ന് ചാടിപ്പോയ ഇയാൾ സഹോദരന്റെ എറണാകുളത്തെ വീട്ടിൽ കഴിഞ്ഞ ശേഷമാണ് തിരികെ കുടുംബവീട്ടിലെത്തിയത്. വീട്ടുകാർ കീഴടങ്ങാൻ പറഞ്ഞതനുസരിച്ചാണ് ഇയാൾ നാട്ടിലെത്തിയതെന്നാണ് വിവരം.​ പൊലീസ് മർദ്ദിക്കുമെന്ന് ഭയന്നാണ് വിഷം കഴിച്ചതെന്നും പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് വ്യക്തമാക്കി.