തിരുവനന്തപുരം: ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെ 2024ലെ സാഹിത്യ പുരസ്‌കാരത്തിന് വിഖ്യാത ഒഡിയ എഴുത്തുകാരി പ്രതിഭാ റായ് അർഹയായി. മൂന്നുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഒ.എൻ.വിയുടെ ജന്മദിനമായ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് അക്കാഡമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.

ജോർജ് ഓണക്കൂർ അദ്ധ്യക്ഷനും പ്രഭാവർമ്മ, മഹാദേവൻ തമ്പി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. ജ്ഞാനപീഠ ജേതാവായ പ്രതിഭാറായിയുടെ ദ്രൗപദി, ശിലാപത്മ, ബർസ ബസന്ത ബൈശാഖ തുടങ്ങിയ കൃതികൾ ഏറെ പ്രശസ്തമാണ്.


ദുർഗപ്രസാദിന്റെ 'രാത്രിയിൽ അച്ചാങ്കര" എന്ന കവിതാസമാഹാരത്തിനാണ് ഒ.എൻ.വി യുവ സാഹിത്യപുരസ്‌കാരം. പ്രഭാവർമ്മ അദ്ധ്യക്ഷനും മഹാദേവൻ, എ.ജി.ഒലീന എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.