4 നാൾ തുടർന്നേക്കും
തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വസമായി ഇന്ന് മുതൽ വേനൽ മഴ സജീവമാകും. തെലങ്കാനയ്ക്ക് മുകളിൽ രൂപംകൊണ്ട ചക്രവാതച്ചുഴി കർണാടകത്തിലേക്ക് നീങ്ങുന്നതാണ് നമുക്ക് രക്ഷയാകുന്നത്. ഇന്നലെ കാസർകോട്, ഇടുക്കി, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ മഴ ലഭിച്ചു. എറണാകുളം, തൊടുപുഴ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ടായി.
ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ ലഭിക്കും. ചില ജില്ലകളിൽ 64.5 മുതൽ 115 മില്ലീ മീറ്റർ വരെ മഴ കിട്ടും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. നാലു ദിവസം കഴിഞ്ഞ് മഴയുടെ ശക്തി കുറയും. വേനൽ മഴയിൽ ഇതുവരെ 67 ശതമാനം കുറവുണ്ടായി.
പുനലൂരിൽ
40 ഡിഗ്രി ചൂട്
ഉയർന്ന താപനില ഇന്നലെ കൊല്ലം ജില്ലയിലെ പുനലൂരായിരുന്നു, 40 ഡിഗ്രി. ഏപ്രിൽ 20ന് ശേഷം ആദ്യമാണ് പാലക്കാടിനെ മറികടന്ന് പൂനലൂർ ചൂടിൽ ഒന്നാമതെത്തുന്നത്. പാലക്കാട് 39.7 ഡിഗ്രി, തൃശൂർ വെള്ളാനിക്കര 39.5 ഡിഗ്രി താപനില രേഖപ്പെടുത്തി.
തിരുവനന്തപുരം,ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. 10 വരെ കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രിയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 38 ഡിഗ്രിയും എത്താം.
ഇന്ന് കടലാക്രമണം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്.