നെടുമങ്ങാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മലയോര മേഖലയിലെ സർക്കാർ,എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ അഭിമാന വിജയം.പൊതുവിദ്യാലയങ്ങളിൽ നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളും ഇതര വിഭാഗങ്ങളിൽ ഉഴമലയ്ക്കൽ എസ്.എൻ.എച്ച്.എസ്.എസ്,ആനാട് എസ്.എൻ.വി.എച്ച്.എസ്.എസ്, നെടുമങ്ങാട് ദർശന ഇംഗ്ളീഷ് മീഡിയം എച്ച്.എസ്.എസ് എന്നിവയും മുന്നിലെത്തി. നെടുമങ്ങാട് നഗരസഭയിലെ പൂവത്തൂർ ഗവൺമെന്റ് എച്ച്.എസ്.എസ്, കരുപ്പൂര് ഗവൺമെന്റ് എച്ച്.എസ്, മഞ്ച ഗവൺമെന്റ് വി.എച്ച്.എസ്.എസ്, അരുവിക്കര ഗവൺമെന്റ് എച്ച്.എസ്.എസ്, പനവൂർ പി.എച്ച്.എം.കെ. എം.വി ആൻഡ് എച്ച്.എസ്.എസ് എന്നിവയും പത്തരമാറ്റ് വിജയം കരസ്ഥമാക്കി. 324 കുട്ടികളെ പരീക്ഷയ്ക്കിരുത്തി മുഴുവൻ പേരെയും വിജയിപ്പിച്ചതിന്റെ തിളക്കത്തിലാണ് നെടുമങ്ങാട് ഗേൾസ് സ്‌കൂൾ. 67 പേർക്ക് എല്ലാ വിഷയത്തിനും 20 പേർക്ക് 9 വിഷയത്തിനും എ പ്ലസ് നേടാനായത് ജില്ലയിലെ മികച്ച പെൺപള്ളിക്കൂടത്തിന്റെ മാറ്റ് കൂട്ടി. തുടർച്ചയായി അഞ്ചാം തവണയാണ് ഈ പൊതുവിദ്യാലയം 100 ശതമാനം വിജയം കരസ്ഥമാക്കുന്നത്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി (428) മുഴുവൻ പേരെയും വിജയിപ്പിച്ചതിന്റെ ക്രെഡിറ്റ് ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണയും നിലനിറുത്തി. 77 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസുണ്ട്. 16 പേർ 9 വിഷയങ്ങൾക്ക് എ പ്ലസ് നേടി. ആനാട് എസ്.എൻ.വി സ്‌കൂളിൽ പരീക്ഷ എഴുതിയ 220 കുട്ടികളിൽ 219 പേരും വിജയിച്ചു. ഇവരിൽ 141 പേരും ആൺകുട്ടികളാണ്. 14 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ദർശന ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ 100 ശതമാനം വിജയമാണ്. പരീക്ഷ എഴുതിയ 120 പേരും വിജയിച്ചു. പെൺകുട്ടികളാണ് വിജയികളിൽ ഭൂരിഭാഗവും. 22 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ, 18 പേർക്ക് ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് നേടാനായി.അരുവിക്കര ഗവൺമെന്റ് സ്‌കൂൾ 195 ൽ 193 പേരെയും വിജയ കിരീടം ചൂടിച്ചു. 30 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. ഇംഗ്ളീഷ് മീഡിയം 100 ശതമാനം വിജയം നേടിയപ്പോൾ, മലയാളം മീഡിയത്തിൽ രണ്ടു കുട്ടികൾ ഓരോ വിഷയത്തിൽ തോറ്റു. കരുപ്പൂര് ഗവൺമെന്റ് എച്ച്.എസിൽ പരീക്ഷയെഴുതിയ 113 പേരും വിജയികളായി. 20 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. പൂവത്തൂർ ഗവൺമെൻറ് എച്ച്.എസ്.എസിനും സമ്പൂർണ വിജയമാണ്. പരീക്ഷ എഴുതിയ 75 പേരും വിജയിച്ചു. ഇതിൽ 43 പേരും ആൺകുട്ടികൾ.13 പേർക്ക് എല്ലാ വിഷയത്തിനും എ പ്ളസുണ്ട്. പനവൂർ പി.എച്ച്.എം.കെ. എം.വി സ്‌കൂളിൽ 190 കുട്ടികൾ വിജയിച്ചു. 193 പേരാണ് പരീക്ഷ എഴുതിയത്. വിജയികളിൽ 102 പേർ ആൺകുട്ടികളാണ്. 31 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയപ്പോൾ 13 പേർക്ക് ഒമ്പത് വിഷയങ്ങളിൽ എ പ്ളസുണ്ട്. മഞ്ച ഗവണ്മെന്റ് വി.എച്ച്.എസ്.എസിൽ പരീക്ഷയ്ക്കിരുന്ന 27 വിദ്യാർത്ഥികളും വിജയിച്ച് 100 ശതമാനം വിജയം നേടി. രണ്ടു കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.