തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ തലേദിവസം പോലും ശ്രീചിത്രാഹോമിലെ പിള്ളേർ കുലുങ്ങിയില്ല. 'ടെൻഷനോ..? അതിന്റെ ആവശ്യമില്ല, ഞങ്ങൾക്ക് നല്ല മാർക്ക് കിട്ടും..' അന്നവർ കേരളകൗമുദിയോട് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അത് യാഥാർത്ഥ്യമാക്കി ഇപ്പോൾ നൂറുമേനി വിജയം തന്നെ പിള്ളേർ നേടി. ഈ വർഷം പത്താംക്ലാസ് പരീക്ഷയെഴുതിയ 12 വിദ്യാർത്ഥികളും വിജയിച്ചു. ബിനിഷ, അഞ്ജു, ശ്രീലക്ഷ്മി, നവ്യ, അമൽ, മണികണ്ഠൻ, നന്ദന, ഫാത്തിമ,അർച്ചന, അരുണിമ, വൈഷ്ണവി , ലക്ഷ്മി എന്നിവരാണ് വിജയിച്ചത്. ലക്ഷ്മിക്ക് മൂന്ന് എ പ്ലസുണ്ട്. വിജയിച്ച വിദ്യാർത്ഥികൾക്ക് മധുരവുമായി മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.എസ്.സുരേഷ് ബാബു,​മുൻ ഫാക്കൽറ്റി ഡോ.കെ.ഗീതാ ലക്ഷ്മി,​ 'നന്നായ് വിജയിക്കാം' പദ്ധതി കൺവീനർ ജെ.എം.റഹീം എന്നിവർ ഹോമിലെത്തി. ശ്രീചിത്രഹോം സൂപ്രണ്ട് വി.ബിന്ദുവിന്റെ നേതൃത്വത്തിൽ എല്ലാവർക്കും മധുരം വിതരണം ചെയ്തു. കഴിഞ്ഞ മൂന്നുവർഷമായി ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് ആത്മവിശ്വാസം പകരാൻ 'നന്നായി പഠിക്കാം' എന്ന പദ്ധതി നടപ്പിലാക്കിവരുന്നു. കണക്ക് ആയിരുന്നു പലർക്കും പേടി സ്വപ്നമായിരുന്നത്. പ്ലസ് വണിൽ ഹ്യുമാനിറ്റീസിൽ പ്രവേശിക്കാനാണ് കൂടുതൽ പേർക്കും മോഹം.