തിരുവനന്തപുരം: ആനയറയിൽ സ്വീവേജ് ലൈനിനായി പണി നടക്കുന്ന ലോർഡ്‌സ് ജംഗ്ഷനു സമീപം ഇടിഞ്ഞുതാഴ്ന്ന റോഡ് നികത്തി. റോഡിന്റെ മദ്ധ്യഭാഗത്താണ് ആഴത്തിൽ കുഴിയെടുത്ത് കോൺക്രീറ്റിട്ടത്. ജോലികളുടെ ഭാഗമായി ബൈപ്പാസിലെ ലോർഡ്സ് ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

തിരുവനന്തപുരം ഭാഗത്തേക്കുള്ള റോഡിന്റെ മദ്ധ്യഭാഗത്ത് റോഡ് മുറിച്ച് പൈപ്പിടുന്നത് ഇന്നലെ രാത്രി വൈകി തുടങ്ങി. 14.5 മീറ്റർ നീളത്തിലാണ് പൈപ്പിടുന്നത്. ഇത് പൂർത്തിയായാലുടൻ എതിർവശത്തെ റോഡിലും സമാന രീതിയിൽ റോ‌ഡ് കുഴിച്ച് പൈപ്പിടും. നാലുദിവസത്തിനുള്ളിൽ പൈപ്പിടൽ പൂർത്തിയാക്കാനാണ് തീരുമാനം. ഒരു പൈപ്പിടാൻ രണ്ടു ദിവസം വേണ്ടിവരും. കുഴിയിൽ കോൺക്രീറ്റ് നിറയ്ക്കുന്നതിനാൽ ഉറയ്ക്കാൻ രണ്ടു ദിവസമെടുക്കും. തിങ്കളാഴ്ചയോടെ പണി പൂർത്തിയാകുമെന്നാണ് കരുതുന്നത്. 62 മീറ്റർ പൈപ്പ് പദ്ധതിപ്രദേശത്ത് എത്തിച്ചിട്ടുണ്ട്. 45 മീറ്റർ വീതിയുള്ള എൻ.എച്ചിന്റെ അപ്പുറവും ഇപ്പുറവും 5 മീറ്റർ വീതം അധികം പൈപ്പ് ഇടുന്നുണ്ട്. ഭാവിയിലെ വീതി കൂട്ടൽ ഉണ്ടാകാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണിത്.

രണ്ട് ചേംബറുകളും നിർമ്മിക്കും

ലോർഡ്സിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തും എൻ.എച്ച് മുറിച്ചുകടന്ന് പാർവതി പുത്തനാറിന് സമീപത്തുള്ള സർവീസ് റോഡിലും രണ്ട് ചേംബറുകൾ കൂടി ജല അതോറിട്ടി നിർമ്മിക്കുന്നുണ്ട്. ഭാവിയിൽ റോഡ് മുറിക്കാതെ തന്നെ പൈപ്പ് വലിക്കുന്നതിനാണിത്. റീഇൻഫോഴ്സ് സിമന്റ് കോൺക്രീറ്റ് ചേംബറാണ് നിർമ്മിക്കുക. ഈ ചേംബറിലാവും പൈപ്പ് വന്നുനിൽക്കുക. ആവശ്യം വന്നാൽ ഈ ചേംബറിലൂടെ പൈപ്പ് പുറത്തെടുക്കാനാകുമെന്നതാണ് പ്രത്യേകത. ഈ ചേംബറിലൂടെ ലോർഡ്സ് സർവീസ് റോഡിൽ 100 മീറ്റർ നീളത്തിൽ പൈപ്പിടും. അതിനുശേഷം കുഴി മൂടി ഓട പുനർനിർമ്മിക്കും.