വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടി.ഡി.പി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡുവും ജനസേനാ പാർട്ടി പ്രസിഡന്റ് പവൻ കല്യാണും ഒന്നിച്ച് റോഡ് ഷോ നയിച്ചപ്പോൾ വിജയവാഡയിലെ എം.ജി റോഡിലേക്കെത്തിയത് ജനസമുദ്രം. എങ്ങും ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളികൾ നിറഞ്ഞു. നേതാക്കളുടെ വാഹനത്തിൽ ജനം പുഷ്പവൃഷ്ടി നടത്തി.
രാത്രി ഏഴിനാണ് റോഡ് ഷോ ആരംഭിച്ചത്. കനത്ത സുരക്ഷാ വലയത്തിനു നടുവിലും കാവി സാരികൾ ധരിച്ച സ്ത്രീകളും മോദിയുടെ ഫോട്ടോകൾ അടങ്ങിയ പ്ലക്കാർഡുകളുമായി വാഹനവ്യൂഹത്തിന് മുന്നിൽ നടന്നു. 50 ദിവസങ്ങൾക്കുള്ളിൽ മോദി പങ്കെടുത്ത ആന്ധ്രാപ്രദേശിലെ അഞ്ചാമത്തെ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ഇന്നലത്തേത്. രാജംപേട്ടിൽ നിന്നാണ് മോദി വൈകിട്ട് വിജയവാഡയിലെത്തിയത്.