ysr

'സ്വന്തം ചിന്നാരു"വിന്റെ (ചിറ്റപ്പൻ) കൊലയാളിയെ സംരക്ഷിക്കുന്നത് ന്യായമോ? - സഹോദരനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിയുടെ കോട്ടയായ പുലിവെന്തുലയിൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വൈ.എസ്. ശർമിള കത്തിക്കയറി. വൈ.എസ്. ശർമിള മത്സരിക്കുന്ന ലോക്സഭാ മണ്ഡലമായ കടപ്പയിലെ നിയമസഭാമണ്ഡലമാണ് പുലിവെന്തുല.

പിതാവ് രാജശേഖര റെഡ്ഡിയുടെ സഹോദരൻ വിവേകാനന്ദ റെഡിയെ കൊന്ന കേസിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന അവിനാശ് റെഡ്ഡിയെ ജഗൻ സംരക്ഷിക്കുന്നുവെന്നാണ് ശർമ്മിള പറയുന്നത്. പുലിവെന്തുലയിൽ ജഗൻ പ്രചാരണത്തിനെത്തിയിട്ടില്ല. 70 ശതമാനം വോട്ട് നേടി അദ്ദേഹം ജയിക്കുമെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. മറ്റ് ജില്ലകളിലാണ് ജഗന്റെ പര്യടനം. ശർമ്മിളയുടെ പ്രവർത്തനം കടപ്പ കേന്ദ്രീകരിച്ചും.

'ഞാൻ വൈ.എസ്.ആറിന്റെ മകളാണ്. വൈ.എസ്.ആറിന്റെ അതേ ചിഹ്നത്തിൽ വോട്ടു തേടിയാണ് ഞാൻ വന്നിരിക്കുന്നത്- ശർമ്മിള പറയുന്നു. പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വലിയചിത്രം പതിച്ച വാഹനത്തിലാണ് പ്രചാരണം. വാഹനത്തിൽ ആയുധധാരികളായ ഭടന്മാരുമുണ്ട്. ചെറിയ തെരുവുകളിൽ പോലുമെത്തി വോട്ടുറപ്പിക്കാനാണ് ശർമ്മിള ശ്രമിക്കുന്നത്.


 കടപ്പയിൽ വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടോ?

തീർച്ചയായും. വൈ.എസ്.ആറിന്റെ നാടാണിത്. അദ്ദേഹത്തിന്റെ മകൾ ഇവിടെ നിന്ന് വിജയിച്ചിരിക്കും. ഞാൻ കൂടി പ്രചാരണം നടത്തിയിട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വൈ.എസ്.ആർ.സി.പി വിജച്ചത്. അത് നാട്ടുകാർക്കറിയാം.

 പൊതുവേദിയിലെല്ലാം സഹോദരനെതിരെയാണല്ലോ പ്രസംഗം?

ഇവിടെ പോരാട്ടം നീതിയും അധർമ്മവും തമ്മിലാണ്. അധർമ്മത്തിന്റെ ഭാഗത്താണ് ജഗൻ നിലകൊള്ളുന്നത്. അദ്ദേഹം തെറ്റ് തിരുത്തണം. അങ്ങനെ സംഭവിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

 വിവേകാനന്ദ റെഡ്ഡിയുടെ മരണം കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് അല്ലേ നടന്നത്. അന്നൊന്നും അവിനാശിനെതിരെ നിലപാട് സ്വീകരിച്ചില്ലല്ലോ?

അന്ന് കൊലാപതകമാണെന്ന് വ്യക്തമായിരുന്നില്ല. സി.ബി.ഐ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്.

 കോൺഗ്രസിന് ആന്ധ്രയിൽ ഒരു തിരിച്ചുവരവ് സാദ്ധ്യമാണോ?

കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള മണ്ണാണിത്. എൻ.ടി.ആർ തരംഗത്തിൽ കോൺഗ്രസ് തകർന്നടിഞ്ഞിരുന്ന കാലത്ത് 1983ലാണ് എന്റെ പിതാവ് കോൺഗ്രസിന്റെ സംസ്ഥാന പ്രസി‌ഡന്റായത്. പക്ഷേ അദ്ദേഹത്തിനു കീഴിൽ കോൺഗ്രസ് ഉയിർത്തെഴുന്നേറ്റു. അധികാരത്തിലെത്തി. അദ്ദേഹത്തിന്റെ മകളായ എന്നിലൂടെ കോൺഗ്രസ് ശക്തമായി തിരിച്ചുവരും. കർണാടകത്തിലും തെലങ്കാനയിലും കോൺഗ്രസ് അധികാരത്തിൽവന്നത് പ്രവർത്തകരിൽ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.

 ഇവിടെ വൈ.എസ്.ആർ.സി.പി - ടി.ഡി.പി പോരാട്ടമാണല്ലോ നടക്കുന്നത്?

രണ്ടു പാർട്ടികൾക്കും ബി.ജെ.പി അനുകൂല നിലപാടാണുള്ളത്. ഇവരിൽ ജനങ്ങൾക്ക് വിശ്വാസമില്ല സർക്കാരിനെതിരെ ജനരോഷമുണ്ട്. ഇത് കോൺഗ്രസിന് അനുകൂലമാകും. ജഗൻ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. നായിഡും തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് സഖ്യമുണ്ടാക്കിയത്. അതിന് അല്പായുസായിരിക്കും.