രണ്ടു ദശാബ്ദം പിന്നിട്ട എന്റെ ലോകസഞ്ചാരത്തിനിടെ മന:പൂർവം ബാക്കിവച്ച രാജ്യമായിരുന്നു, തായ്ലൻഡ്. ടൂറിസത്തിൽ പ്രശസ്തിക്കൊപ്പം കുപ്രസിദ്ധിയും വേണ്ടത്രയുള്ള നാടായതുകൊണ്ട് മന:പൂർവം കണ്ണടയ്ക്കുകയായിരുന്നു. ഏറക്കുറെ തെറ്റിദ്ധരിക്കപ്പെട്ട രാജ്യവുമാണ് തായ്ലൻഡ്. ആ പ്രസിദ്ധിയും, അതിനൊപ്പം തന്നെ കുപ്രസിദ്ധിയും ഒന്നു കണ്ടറിയണമല്ലോ എന്നു മനസിലുറപ്പിച്ചാണ് സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാലുകുത്തിയത്. സുഹൃത്തും സഹയാത്രികനുമായ മുരുകനുമൊത്തായിരുന്നു സഞ്ചാരം. ചെന്നിറങ്ങിയ നിമിഷം തന്നെ എന്നെ ശരിക്കും അമ്പരിപ്പിച്ചത് വിമാനത്താവളത്തിനു മുന്നിലെ ആ പടുകൂറ്റൻ ശില്പമാണ്. ദേവാസുരന്മാരുടെ പാലാഴിമഥനം! ഒരു വിദേശരാജ്യത്ത്, ഈ ശില്പം ഒരു ഇന്ത്യക്കാരനെ അദ്ഭുതപ്പെടുത്തുക തന്നെ ചെയ്യും! തലസ്ഥാനവും വൻ നഗരവുമായ ബാങ്കോക്ക് മാത്രമായിരുന്നില്ല എന്റെ ലക്ഷ്യം. ലോക ടൂറിസം ഭൂപടത്തിൽ തായ്നാടിന്റെ അടയാളമായ പട്ടായയും ഫുക്കറ്റും കൂടി കാണണം. യാത്രയ്ക്ക് തിരഞ്ഞെടുത്തത് മലേഷ്യൻ എയർലൈൻസ് ആയിരുന്നു. മലേഷ്യയുടെ തന്നെ വിമാനക്കമ്പനിയായ എയർ ഏഷ്യ, സിംഗപ്പൂരിന്റെ സ്കൂട്ട് എന്നീ ബഡ്ജറ്റ് എയർലൈനുകളുമായി മത്സരിച്ച് തെക്കുകിഴക്കൻ ഏഷ്യയിലെ പ്രധാന നഗരങ്ങളിലേക്കും ഓസ്ട്രേലിയ, ന്യൂസിലൻഡ്, അമേരിക്കയിലെ ലോസ് ഏഞ്ചലസ്, സാൻഫ്രാൻസിസ്കോ തുടങ്ങിയ വൻ നഗരങ്ങളിലേക്കും മലേഷ്യൻ എയർലൈൻസ് നേരിട്ട് സർവീസ് നടത്തുന്നുണ്ട്. ചിലപ്പോഴൊക്കെ കുറഞ്ഞ നിരക്കിൽ ടിക്കറ്റു നൽകി മികച്ച അടിസ്ഥാന സൗകര്യങ്ങൾ നൽകുമ്പോൾത്തന്നെ, ഇതൊരു ബഡ്ജറ്റ് എയർലൈൻ അല്ല. പ്രീമിയം ക്ളാസ് വിമാനങ്ങളാണ് ഇവർ ഉപയോഗിക്കുന്നത്.
ബാങ്കോങ്ക് എന്ന
നക്ഷത്ര നഗരം
തലസ്ഥാനവും പ്രധാന നഗരവുമായ ബാങ്കോക്കിൽ ഇറങ്ങി, റോഡ് മാർഗം ദീർഘമായ ഒരു യാത്ര ചെയ്ത് തെക്കേയറ്റത്തുള്ള ഫുക്കറ്റിലെത്തുക. അവിടെനിന്ന് തിരിച്ച് വടക്കോട്ട് യാത്രചെയ്ത് ലോക ടൂറിസം ഭൂപടത്തിൽ തായ്നാടിന്റെ അടയാളമായ പട്ടായയിൽ പോവുക. അവിടെ നിന്ന് ബാങ്കോക്കിൽ ഇറങ്ങി നാട്ടിലേക്ക്- അതായിരുന്നു സുദീർഘമായ യാത്രാപദ്ധതി. ബാങ്കോക്ക് അംബര ചുംബികളുടെ നഗരമാണ്. കൃത്യമായ ആസൂത്രണം തികഞ്ഞൊരു നഗരം. ദുബായുടെ ആധുനികതയോ തിളക്കമോ ഇല്ലെങ്കിലും ബാങ്കോക്ക് ഒരു വൻ നഗരമാണ്.
വീതിയുള്ള നടപ്പാതകൾ, ഒട്ടേറെ അംബരചുംബികൾ. ബാങ്കോക്ക് സ്കൈ ട്രെയിൻ, ബാങ്കോക്ക് സബ് വേ എന്നിവയാണ് ബാങ്കോക്കിനു ചുറ്റും സഞ്ചരിക്കാനുള്ള ഏറ്റവും സൗകര്യപ്രദമായ മാർഗങ്ങൾ. സ്കൈ ട്രെയിനുകളും ഭൂഗർഭ ട്രെയിനുകളുമായി വിപുലമായ യാത്രാസംവിധാനങ്ങൾ നഗരത്തിലുള്ളപ്പോൾത്തന്നെ, വളരെ ചെലവു കുറഞ്ഞ രീതിയിൽ യാത്രചെയ്യാവുന്ന ബൈക്ക്, കാർ ടാക്സികളും യഥേഷ്ടം കിട്ടും. ഗ്രാബ് തായ്ലാൻഡ് എന്ന മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കുറഞ്ഞ നിരക്കിൽ ടാക്സിയും ബൈക്കും, നമ്മുടെ ഓട്ടോയ്ക്കു സമാനമായ ടുക് ടുകും ഉണ്ട്. ഇതൊക്കെയാണെങ്കിലും ഭാഷാപ്രശ്നം ഒരു കീറാമുട്ടി തന്നെയാണ് തായ്ലൻഡിൽ. ഇംഗ്ളീഷ് ഭാഷയുടെ പ്രാഥമിക അറിവുപോലും തായ്നാട്ടുകാർക്കില്ല. മൊബൈൽ ട്രാൻസ്ലേഷൻ കൊണ്ടുമാത്രമേ പിടിച്ചുനിൽക്കാൻ പറ്റൂ. ബാങ്കോക്ക് നഗരത്തിൽ വിദേശികളുടെ അതിപ്രസരമൊന്നും കാണാനാവില്ല. ഇന്ത്യക്കാരാകട്ടെ, ഏറക്കുറെ ടൂർ പാക്കേജുകളിൽ വരുന്നവരാണ്. വിദേശികൾ ഫുക്കറ്റ്, ക്രാബി തുടങ്ങി തെക്കൻ ഭാഗത്താണ് ഏറെയും എത്തുന്നത്.
പട്ടായയിലെ
പറുദീസകൾ
തെക്കുകിഴക്കൻ ഏഷ്യയുടെ ഒരു ഉല്ലാസ നഗരം തന്നെയാണ് പട്ടായ. തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് മൂന്നു മണിക്കൂർ റോഡ് മാർഗം തെക്കോട്ടു യാത്രചെയ്താൽ പട്ടായയിൽ എത്തും. മലയാളിയെ സംബന്ധിച്ചിടത്തോളം തെറ്റിദ്ധരിക്കപ്പെട്ട പ്രദേശം കൂടിയാണ് പട്ടായ. ബാങ്കോക്കിലെ തിരക്കിൽ നിന്ന് ശരിക്കും മറ്റൊരു ലോകത്ത് എത്തിയ പ്രതീതിയാണ് പട്ടായയിൽ എത്തിയാൽ. കാലാവസ്ഥ ചൂട് ആണെങ്കിലും പ്രകൃതിഭംഗികൊണ്ട് അനുഗൃഹീതമാണ് ഈ മേഖല. രമണീയമായ ഒട്ടേറെ കടൽത്തീരങ്ങൾ ഇവിടെയുണ്ട്. അമേരിക്കൻ ഉല്ലാസ നഗരമായ ലാസ് വെഗാസിനു സമാനമായി, തെക്കുകിഴക്കൻ ഏഷ്യയുടെ ലാസ് വെഗാസാണ് പട്ടായ!
ഒട്ടേറെ കടൽത്തീര വിനോദങ്ങൾ ഇവിടെ അരങ്ങേറുന്നുണ്ട്. നങ്കൂരമിട്ട കപ്പലുകളിൽ രാത്രി ആഘോഷങ്ങൾ. പകൽനേരത്ത്, ഉച്ചകഴിയും ഈ നഗരം ഉണരാൻ. രാത്രിയായാൽ പട്ടായയുടെ മുഖം മറ്റൊന്നാകും. രാത്രി പത്തുമണി കഴിയുന്നതോടെ പല തെരുവുകളും ജനസമുദ്രമായി മാറും. സ്വദേശികളെക്കാൾ വിദേശികളാണ് ഏറെ. പ്രശസ്തമായ പട്ടായ ബീച്ച് മറ്റൊരു മാസ്മരിക ലോകമാണ്. കാതടപ്പിക്കുന്ന ശബ്ദകോലാഹലത്തോടെയുള്ള വൈവിദ്ധ്യമാർന്ന കലാപരിപാടികൾ ബീച്ചിൽ അരങ്ങേറുന്നു. ബിയറും മദ്യവുമായി ആയിരങ്ങൾ കടൽക്കരയിൽ ആർത്തുല്ലസിക്കുന്ന ഒരു പൂരക്കാഴ്ച. ഇതൊരു ഉറക്കമില്ലാത്ത നഗരമാണെന്നു തോന്നിപ്പോകും!
ഉറക്കംവരാത്ത
ഉല്ലാസരാത്രി
വിദേശികളെ കാത്ത് തായ് സുന്ദരിമാർ ബീച്ച് റോഡിൽ സജീവമാകുന്നതും രാത്രി സമയത്താണ്. ഏതു നിലയിൽ ആർത്തുല്ലസിക്കാനും ഇങ്ങോട്ടു പോന്നോളൂ; സഞ്ചാരികൾക്ക് പരവതാനി വിരിച്ച് പട്ടായ കാത്തിരിപ്പുണ്ട്. പുലരുവോളം ഉറങ്ങാത്ത പട്ടായയിൽ നിങ്ങൾക്കു തീരുമാനിക്കാം; ഇവിടെ എങ്ങനെ ജീവിക്കണമെന്ന്! ശ്രദ്ധേയൊരു കാര്യം, വിദേശ സഞ്ചാരികളിൽ ഏറെയും നല്ല പ്രായം പിന്നിട്ടവരാണ് എന്നതാണ്. ഒറ്റയ്ക്കും കൂട്ടായും അവർ എത്തുന്നു. കൂട്ടിന് ഒരു തായ് സുന്ദരിയും കാണും. പട്ടായയുടെ തെരുവുകളിൽ കമിതാക്കളെപ്പോലെ അവർ നടന്നുനീങ്ങുന്ന കാഴ്ച എങ്ങും കാണാം. ബീച്ചിൽ വൈവിദ്ധ്യമാർന്ന തായ് ഭക്ഷണങ്ങൾ വിളമ്പുന്ന കടകൾ. രാത്രിയിൽ ഇവരുടെ കൂടി കേന്ദ്രമാണ് ഇവിടം. ഭക്ഷണത്തിന്റെ ഗന്ധം മൂക്കിൽ തുളച്ചുകയറും. പട്ടായ സെൻട്രലിൽ ഐവറി പാലസ് ഹോട്ടൽ നടത്തുന്ന പറവൂരുകാരൻ സജിയെപ്പോലെ അപൂർവം ചില മലയാളികൾ ഇവിടെ സംരംഭകരായുണ്ട്. പടുകൂറ്റൻ ഷോപ്പിംഗ് മാളുകൾ പട്ടായയ്ക്ക് സ്വന്തമാണ്. എല്ലാ അന്താരാഷ്ട്ര ബ്രാൻഡുകളും മാളുകളിൽ സുലഭം. ചൂതാട്ട കേന്ദ്രങ്ങൾ, ഡാൻസ് ബാറുകൾ... ഈ നഗരം വെളുക്കുവോളം ഉണർന്നിരിക്കും.
ഫ്ളോട്ടിംഗ്
മാർക്കറ്റ്
പകൽ ചൂട് അസഹനീയമായതിനാൽ തെരുവുകളിൽ ആൾസഞ്ചാരം വളരെ കുറവ്. വലിയ ചെലവില്ലാത്ത രീതിയിൽ താമസത്തിന് മുറികൾ കിട്ടും. തായ് ലൻഡിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണണമെങ്കിൽ നമ്മുടെ ആയിരങ്ങൾ ചെലവഴിക്കേണ്ടിവരും. പട്ടായയിൽ കാണേണ്ട പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സാങ്ച്വറി ഒഫ് ട്രൂത്തും ടൈഗർ പാർക്കും ഫ്ളോട്ടിംഗ് മാർക്കറ്റുമാണ്. ടിക്കറ്റിന് സാമാന്യം നല്ല തുക മുടക്കണം. ടൈഗർ പാർക്കിൽ കടുവകൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കണമെങ്കിൽ പിന്നെയും പണം മുടക്കണം- നമ്മുടെ മൂവായിരം രൂപയോളം! സഞ്ചാരിയുടെ പോക്കറ്റ് കാലിയാക്കാനുള്ള എല്ലാ വഴികളും ഇവിടത്തെ ഓരോ ടൂറിസ്റ്റ് കേന്ദ്രവും നടപ്പാക്കുന്നു. അതുവഴി വൻ വരുമാനവും അവർ നേടിയെടുക്കുന്നു. ടൂറിസത്തിലെ ഈ കച്ചവടതന്ത്രം നമ്മളും കണ്ടുപഠിക്കണം! ഫ്ളോട്ടിംഗ് മാർക്കറ്റിൽ നൂറുകണക്കിന് കടകളുണ്ട്. പ്രവേശന ടിക്കറ്റിനു പുറമേ കടയിൽ നിന്നുള്ള വാടകയും മറ്റുമായി വലിയൊരു തുക ടൂറിസം വഴി ചുളുവിൽ നേടുന്ന കാഴ്ച.
ബാങ്കോക്കിൽ നിന്ന് പുറപ്പെടാൻ വൈകിയ മലേഷ്യൻ എയർ വിമാനം, ക്ളിയ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലേഷ്യയിലെ ക്വലാലംപൂർ വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ എത്തിയപ്പോഴേക്കും നാട്ടിലേക്കുള്ള വിമാനം ഞങ്ങൾക്ക് നഷ്ടപ്പെട്ടു. പിന്നീട് മലേഷ്യൻ എയർലൈൻസ് ഒരുക്കിയ ആതിഥേയത്വം സ്വീകരിച്ച് ഒരു രാത്രി ക്വാലാലംപൂരിൽ തങ്ങി. അടുത്ത ദിവസം മലേഷ്യൻ എയർലൈൻസിൽ ബാങ്കോക്കിലേക്ക് തിരികെപ്പോയി. അവിടെ നിന്ന് ടാറ്റയുടെ വിസ്താര എയർലൈൻസിൽ ഡൽഹിയിലേക്ക്. അവിടെ നിന്ന് എയർ ഇന്ത്യയിൽ നാട്ടിലെത്തിയപ്പോൾ, ഒരൊറ്റ ദിവസം തന്നെ മൂന്നു രാജ്യങ്ങൾ തൊട്ട് അവിടങ്ങളിലെ ഭക്ഷണ വൈവിദ്ധ്യങ്ങൾ രുചിക്കാനായ യാത്ര പുത്തൻ അനുഭവമായി.
(ലേഖകന്റെ ഫോൺ: 90375 45565)