collector

വീട്ടിൽ കാത്തിരുന്നത് ഒരു മണിക്കൂർ
പ്രതിഷേധിച്ച് ഡോക്ടർമാർ

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഒ.പി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് കുഴിനഖം പരിശോധിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. തിരക്കേറിയ സർജറി ഒ.പിയിൽ രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കെയാണ് വീട്ടിലേക്ക് വിളിച്ചുവരുത്തി ചികിത്സിപ്പിച്ചത്. കളക്ടറുടെ വീട്ടിലെത്തിയ ഡോക്ടർക്ക് ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. സംഭവത്തിൽ ഡോക്ടർമാർ പ്രതിഷേധിച്ചു. വിഷയം ആരോഗ്യമന്ത്രിയുടെയും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ശ്രദ്ധയിൽപ്പെടുത്തി.

ശനിയാഴ്ച രാവിലെ ജില്ലാ മെഡിക്കൽ ഓഫീസറെ വിളിച്ച് ഡോക്ടറെ വീട്ടിലേക്ക് അയയ്ക്കണമെന്ന് കളക്ടർ ആവശ്യപ്പെടുകയായിരുന്നു. ജനറൽ ആശുപത്രിയിലെ തിരക്കിനെക്കുറിച്ച് ഡി.എം.ഒ പറഞ്ഞെങ്കിലും കളക്ടർ നിർബന്ധം പിടിച്ചു. തുടർന്ന് ആശുപത്രി സൂപ്രണ്ടിന്

ഡി.എം.ഒ നിർദ്ദേശം നൽകുകയായിരുന്നു.

തിരക്കേറിയ ഒ.പിയിൽ രോഗികളെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടറെ അധികാര ദുർവിനിയോഗം ചെയ്താണ് കളക്ടർ സ്വകാര്യ ആവശ്യത്തിന് വിളിച്ചുവരുത്തിയതെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) കുറ്റപ്പെടുത്തി.

ഇതുകാരണം രോഗികൾക്ക് ബുദ്ധിമുട്ടുണ്ടായി. ഡോക്ടർമാരോട് മാന്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

'വിഷയം ഗൗരവമുള്ളത്'

വിഷയം ഗൗരവമുള്ളതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് കെ.ജി.എം.ഒ.എ ഭാരവാഹികൾക്ക് ഉറപ്പ് നൽകി.