k

തിരുവനന്തപുരം: പതിനേഴാം വയസിൽ അപൂർവ രോഗത്താൽ കാഴ്ച നഷ്ടപ്പെട്ടിട്ടും ആത്മവിശ്വാസത്തോടെ പഠിച്ച് വഴുതയ്ക്കാട് ഗവ. വിമൻസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായ ഫെബിനെ ജീവിതസഖിയാക്കി കൊല്ലം സ്വദേശി റോയ്.പി.ഡാനിയൽ. കേരളത്തിൽ ഫിലോസഫി വിഭാഗത്തിൽ കാഴ്ചപരിമിതിയുള്ള ആദ്യ കോളേജ് അദ്ധ്യാപികയാണ് ഫെബിൻ. ഇതേക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇന്നലെ രാവിലെ 11.30ന് വഴുതയ്ക്കാട് ശാലോം മാർത്തോമ ചർച്ചിൽ ഇരുവരും വിവാഹിതരായി. വഴുതയ്ക്കാട് മുത്തൂറ്റ് പേൾ ഹെവനിൽ ജോസ്.കെ.ജോണിന്റെയും ലിസിയുടെയും മകളാണ് ഫെബിൻ. കൊല്ലം കുണ്ടറ ജോജോ ഭവനിൽ ഫിലിപ്പോസ് ഡാനിയലിന്റെയും പരേതയായ അന്നമ്മ ഫിലിപ്പോസിന്റെയും മകനാണ് റോയ്.

ഫെബിൻ ജനിച്ചതും വളർന്നതും സൗദിയിലാണ്. അവിടെ വച്ചാണ് ഗില്ലൻ ബാരി സിൻഡ്രത്തെ തുടർന്ന് കാഴ്ച നഷ്ടമായത്. പഠിക്കാൻ മിടുക്കിയായിരുന്ന ഫെബിന് പ്ലസ്ടു പൂർത്തിയാക്കാനായില്ല. വീട്ടിലിരുന്ന് പഠിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂളിൽ നിന്ന് ഹ്യുമാനിറ്റീസിൽ പ്ലസ് ടു പാസായി. ആത്മവിശ്വാസത്തോടെ തുടർ പഠനം. 2021ലായിരുന്നു പി.എസ്.സി അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേയ്ക്കുള്ള പരീക്ഷ.