ksrtc

തിരുവനന്തപുരം:മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുള്ള കേസിൽ, നഷ്ടപ്പെട്ട മെമ്മറി കാർഡ് കണ്ടെത്താനുള്ള അന്വേഷണം എങ്ങുമെത്തിയില്ല. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും. ബസ് പാർക്ക് ചെയ്ത സ്ഥലത്തും പരിസരത്തും അപ്പോഴും പിറ്റേന്നും ജോലി ചെയ്തവരെയാണ് ചോദ്യം ചെയ്യുന്നത്. ഇവരിൽ നിന്ന് വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സമീപത്തെ എല്ലാ സി.സി.ടി.വി ദൃശ്യങ്ങളും സ്വകാര്യ സ്ഥാപനങ്ങൾ, സ്‌മാർട്ട് സിറ്റി, പൊലീസ് എന്നിവരുടെ റോഡുകളിലെ ക്യാമറ ദൃശ്യങ്ങളും ശേഖരിക്കുകയാണ്. ഇവയിൽ ചിത്രം വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു. കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ക്യാമറയിൽ, പിറ്റേന്ന് യദു ബസിന് സമീപത്ത് കൂടി പോകുന്ന ദൃശ്യം കണ്ടെത്തിയിരുന്നു. ആ അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ദിവസം തമ്പാനൂർ പൊലീസും മെമ്മറി കാർഡിനെ പറ്റി യദുവിന്റെ മൊഴിയെടുത്തിരുന്നു.

മേയർക്കും എം.എൽ.എക്കും

നോട്ടീസ് വൈകും

യദുവിന്റെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും ഉൾപ്പടെ അഞ്ച് പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസിന്റെ നോട്ടീസ് വൈകും. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശം ലഭിച്ചാലേ നോട്ടീസ് അയയ്‌ക്കാവൂ എന്ന് കന്റോൺമെന്റ് പൊലീസിന് നിർദ്ദേശമുണ്ട്. രണ്ട് എഫ്.ഐ.ആറാണ് മേയർക്കും കുടുംബത്തിനുമെതിരെ കന്റോൺമെന്റ് പൊലീസ് ചുമത്തിയിട്ടുള്ളത്. ഒന്നിൽ മാത്രമാണ് ജാമ്യമില്ലാ വകുപ്പ്.