തിരുവനന്തപുരം: മറ്റ് ജില്ലകളിൽ നിന്ന് സ്ഥലംമാറ്റപ്പെട്ട് കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ സേവനം നടത്തുന്ന സർക്കാർ ജീവനക്കാർക്ക് പ്രോത്സാഹനമായി കൂടുതൽ ആർജ്ജിത അവധി (ഏൺഡ് ലീവ്) അനുവദിക്കുന്നതിൽ തത്വത്തിൽ ധാരണ. ഇന്നലെ ചീഫ് സെക്രട്ടറി ഡോ.വി.വേണു വിളിച്ച സർവീസ് സംഘടനകളുടെ യോഗത്തിലാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ.
നിലവിൽ പതിനൊന്ന് ഡ്യൂട്ടിക്ക് ഒന്ന് എന്ന കണക്കിലാണ് ആർജ്ജിത അവധി. ഇത് എട്ട് ഡ്യൂട്ടിക്ക് ഒന്ന് എന്നാക്കുന്നതാണ് പരിഗണനയിൽ. അടിസ്ഥാന ശമ്പളത്തിന്റെ പത്തു ശതമാനം പ്രത്യേക അലവൻസായി നൽകണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും ധാരണയായില്ല. അട്ടപ്പാടിയിലെ സേവനത്തിനും ഈ ആനുകൂല്യം അനുവദിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
ഇവിടങ്ങളിലേക്ക് സ്ഥലംമാറ്റം കിട്ടുന്നവർ പലപ്പോഴും അവധിയെടുത്ത് പോകുന്നത് പദ്ധതി നടത്തിപ്പിലും ഭരണനിർവഹണത്തിലും പ്രതിസന്ധിയുണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി. എൻജിനിയറിംഗ്, മെഡിക്കൽ, പാരാമെഡിക്കൽ, റവന്യു വിഭാഗങ്ങളിലാണ് പ്രധാനമായും പ്രതിസന്ധിയുണ്ടാകുന്നത്.
ഇവിടങ്ങളിൽ നിശ്ചിതകാലം ജോലിചെയ്യുന്നവർക്ക് പിന്നീട് അവർ ആവശ്യപ്പെടുന്നിടത്തോ വീടിനു സമീപത്തേക്കോ സ്ഥലംമാറ്റം അനുവദിക്കാറുണ്ട്. എങ്കിലും വകുപ്പുമേധാവികൾ അടക്കം സ്വാധീനമുപയോഗിച്ച് മറ്റിടങ്ങളിലേക്ക് സ്ഥലംമാറിപ്പോവുന്നതും നീണ്ട അവധിയെടുക്കുന്നതും പതിവാണ്. നിശ്ചിത കാലയളവുവരെ നിർബന്ധമായും തുടരണമെന്ന് ഉത്തരവിറക്കിയെങ്കിലും ഫലമില്ല. മതിയായ ജീവനക്കാരില്ലാത്തതിനാൽ ഈ ജില്ലകളിൽ വികസന പദ്ധതികളടക്കം ഇഴയുന്നുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം.