തിരുവനന്തപുരം:പ്ളസ് ടു പരീക്ഷയിൽ ജില്ലയിലെ വിജയശതമാനത്തിൽ കുറവ്. 73.99 ശതമാനമാണ് വിജയം.കഴിഞ്ഞവർഷം 78.31 ശതമാനമായിരുന്നു, 4.32 ശതമാനത്തിന്റെ കുറവ്. 175 സ്കൂളുകളിൽ നിന്നായി 31,990 പേർ പരീക്ഷ എഴുതിയതിൽ 23,669 പേർ ഉപരിപഠനത്തിന് അർഹത നേടി. ഇതിൽ 3458 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി.
ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 38 പേർ പരീക്ഷ എഴുതിയതിൽ 22 പേർ ഉന്നത പഠനത്തിന് അർഹത നേടി. 57 ശതമാനമാണ് വിജയം. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ509 പേർ പരീക്ഷ എഴുതിയപ്പോൾ 214 പേർ യോഗ്യത നേടി. വിജയശതമാനം 42. 4 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി.
തലസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത് പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലാണ്. 791 പേർ. ഇതിൽ 671 പേർ വിജയിച്ചു. 84.83 ആണ് വിജയശതമാനം. കോട്ടൺഹിൽ ഗേൾസ് സ്‌കൂളിൽ 593 പേർ പരീക്ഷ എഴുതിയതിൽ 461 പേർ വിജയിച്ചു. സെന്റ് ജോസഫ്സ് സ്‌കൂളിൽ 527 പേർ പരീക്ഷ എഴുതിയതിൽ 423 പേർ വിജയിച്ചു. പട്ടം ഗേൾസ് എച്ച്.എസ്.എസിൽ 391 പേർ പരീക്ഷ എഴുതിയതിൽ 313 പേർ വിജയിച്ചു. എസ്.എം.വി. ഗവ. മോഡൽ എച്ച്.എസ്.എസിൽ 413 പേർ പരീക്ഷ എഴുതിയതിൽ 232 പേർ ഉപരിപഠനത്തിന് അർഹത നേടി.
നൂറുമേനി ജഗതി സ്‌പെഷ്യൽ സ്കൂളിന് മാത്രം
തലസ്ഥാനത്തുനിന്ന് നാല് സ്‌കൂളുകളാണ് നൂറുശതമാനം വിജയം നേടിയത്. ഇതിൽ സർക്കാർ മേഖലയിൽ നിന്നെന്ന് പറയാവുന്നത് സ്‌പെഷ്യൽ വിഭാഗത്തിൽപ്പെട്ട ജഗതി ബധിര മൂക വിദ്യാലയം മാത്രമാണ്. ഇവിടെ പരീക്ഷയെഴുതിയ 9 പേരും വിജയിച്ചു. സർവോദയ വിദ്യാലയ, നാലാഞ്ചിറ (49),
കാർമൽ എച്ച്.എസ് വഴുതക്കാട് (258), ലിറ്റിൽ ഫ്ലവർ ഇ.എം എച്ച്.എസ് ഇടവ (50) എന്നിവയാണ് നൂറു ശതമാനം വിജയം നേടിയ എയ്ഡഡ് സ്കൂളുകൾ.
വി.എച്ച്.എസ്.ഇയിൽ 73.22% വിജയം
ജില്ലയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 73.22 ശതമാനമാണ് വിജയം. കഴിഞ്ഞവർഷം 80.98 ശതമാനമായിരുന്നു വിജയം. 7.76 ശതമാനത്തിന്റെ കുറവാണുള്ളത്.