ഇടനിലക്കാർ വാങ്ങുന്നത് മൂന്നുലക്ഷം വരെ
കണ്ടെത്തിയത് വിജിലൻസ് റെയ്ഡിൽ
തിരുവനന്തപുരം: ഭൂമിതരംമാറ്റത്തിലെ ക്രമക്കേടുകൾ കണ്ടെത്താനുള്ള വിജിലൻസിന്റെ 'ഓപ്പറേഷൻ കൺവെർഷൻ' റെയ്ഡുകളിൽ കണ്ടെത്തിയത് വൻ തട്ടിപ്പ്.
ഒരു സ്വകാര്യ ഏജൻസിയുടെ മൊബൈൽ നമ്പറാണ് 700 അപേക്ഷകളിൽ നൽകിയിരുന്നത്.
പാലക്കാട്-166, തൃശൂർ-154, ചെങ്ങന്നൂർ-93, നെടുമങ്ങാട്-86, മൂവാറ്റുപുഴ-66, പുനലൂർ-44, ഫോർട്ട് കൊച്ചി-21, പെരിന്തൽമണ്ണ-19, കോട്ടയം-14, ഒറ്റപ്പാലം-13 എന്നിങ്ങനെ തുടരുകയാണ് ഒരേ മൊബൈൽ നമ്പറുള്ള അപേക്ഷകളുടെ എണ്ണം.
നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്ത ഭൂമി ഡേറ്റാബാങ്കിൽ നിന്നൊഴിവാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വ്യക്തികളും സ്ഥാപനങ്ങളും പരസ്യം നൽകിയാണ് ഇതിന് കളമൊരുക്കുന്നത്. 10 മുതൽ 50സെന്റ് വരെ തരംമാറ്റാൻ 3 ലക്ഷം രൂപ വരെയാണ് ഫീസ്. വിരമിച്ച റവന്യൂഉദ്യോഗസ്ഥരും ഏജന്റുമാരാണ്.
ആർ.ഡി.ഓഫീസുകളിൽ നിന്ന് കൃഷി ഓഫീസുകളിലേക്ക് അപേക്ഷയെത്തുമ്പോൾ കൃഷിവകുപ്പുദ്യോഗസ്ഥരെയും ലോക്കൽ ലെവൽ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളെയും സ്വാധീനിച്ചാണ് തട്ടിപ്പ്.
2017ന് ശേഷം ആധാരംചെയ്ത വസ്തുക്കൾ വരെ തരംമാറ്റിയിട്ടുണ്ട്. ഇടുക്കിയിൽ രണ്ടേക്കർ ഭൂമി തുച്ഛമായ ഭൂമിയാക്കി തരംമാറ്റി. കോട്ടയത്തും പെരിന്തൽമണ്ണയിലും മോണിട്ടറിംഗ് സമിതിയുടെ ശുപാർശ മറികടന്ന് തരംമാറ്റി. മാനന്തവാടിയിൽ ഉടമ അറിയാതെ ഭൂമിതരംമാറ്റത്തിന് അപേക്ഷിച്ചതായും കണ്ടെത്തി.
50 സെന്റ് തരംമാറ്റാൻ 10 ശതമാനം ജലസംഭരണത്തിന് മാറ്റണമെന്ന വ്യവസ്ഥ പാലിക്കാറില്ല. തിരുവന്തപുരം, നെടുമങ്ങാട്, കൊല്ലം, പുനലൂർ, ആലപ്പുഴ, ചെങ്ങന്നൂർ, കോട്ടയം, പാല, ഫോർട്ട് കൊച്ചി, മൂവാറ്റുപുഴ, പാലക്കാട്, ഒറ്റപ്പാലം, കാഞ്ഞങ്ങാട്, വടകര, മലപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് ഈ തട്ടിപ്പ്.
പരിശോധന തുടരുമെന്ന് വിജിലൻസ് ഡയറക്ടർ ടി.കെ.വിനോദ്കുമാർ അറിയിച്ചു.