തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സി.പി.എം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി.രവീന്ദ്രൻ നായർക്കെതിരെ അച്ചടക്കനടപടി. പാർട്ടിയിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കാനും പ്രാഥമിക അംഗത്വം മാത്രം നിലനിറുത്തി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്താനും ഏരിയ കമ്മിറ്റിയാണ് തീരുമാനിച്ചത്.
രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ട വഞ്ചിയൂർ സ്വദേശിയും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായിരുന്ന വിഷ്ണുവിന്റെ കേസ് നടത്താനും കുടുംബത്തിനു നൽകാനും ശേഖരിച്ച രക്തസാക്ഷിഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ തിരിമറി നടത്തിയെന്ന് പാർട്ടി അന്വേഷണത്തിലൂടെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
അന്ന് ലോക്കൽ സെക്രട്ടറിയായിരുന്ന രവീന്ദ്രൻ നായരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. 11 ലക്ഷം രൂപ കുടുംബത്തിന് നൽകിയിരുന്നു. നിയമസഹായത്തിനായി സൂക്ഷിച്ച ബാക്കി തുകയിൽ 5 ലക്ഷം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പാർട്ടി കണ്ടെത്തിയത്. 2008ൽ കൈതമുക്കിലെ പാസ്‌പോർട്ട് ഓഫീസിനു മുന്നിൽ നടന്ന സംഘർഷത്തിൽ ആർ.എസ്.എസുകാർ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 13 പ്രതികൾ കുറ്റക്കാരെന്ന് ജില്ലാ കോടതി വിധിച്ചിരുന്നു. ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കി. സുപ്രീം കോടതി അതു ശരിവച്ചു. ഇതിനുപുറമേ, ലോക്സഭാ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് ചില ഏരിയ കമ്മിറ്റി അംഗങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. വിവാഹേതരബന്ധം സംബന്ധിച്ച് കോർപ്പറേഷൻ മുൻ കൗൺസിലർ കൂടിയായ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ ഉയർന്ന ആരോപണം അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ നിയോഗിക്കാനും യോഗത്തിൽ തീരുമാനിച്ചു.