താത്കാലിക സർവെയറെ പിരിച്ചുവിട്ടു
തിരുവനന്തപുരം: സർക്കാരിന്റെ അഭിമാന പദ്ധതിയായ ഡിജിറ്റൽ റീസർവേ ജോലിക്കിടെ സ്ഥല ഉടമകളെ തെറ്റിദ്ധരിപ്പിച്ച് കൈക്കൂലി വാങ്ങിയ എറണാകുളം പിറവം റീസർവെ സൂപ്രണ്ട് ഓഫീസിലെ സർവെയർ സന്ധ്യ ഒ.ടിയെ അന്വേഷണ വിധേയമായി സർവെ ഡയറക്ടർ സസ്പെൻഡ് ചെയ്തു.
ഇവർക്കൊപ്പം ഉണ്ടായിരുന്ന താത്കാലിക സർവേയർ മനില പി.മണിയെ പിരിച്ചുവിട്ടു. റീസർവെ ജോലി വേഗത്തിലാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന് വസ്തു ഉടമ
അസിസ്റ്റന്റ് ഡയറക്ടർക്ക് നൽകിയ പരാതി പരിശോധിച്ചപ്പോൾ മനില പി.മണി കൈക്കൂലി വാങ്ങിയതായി ബോദ്ധ്യപ്പെട്ടു. ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മനിലയെ നീക്കിയത്. ഇവരുടെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തി. സ്ഥല ഉടമയിൽ നിന്ന് ആദ്യം 25,000 രൂപ വാങ്ങി. വീണ്ടും 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതി നൽകിയത്.
മനിലയുടെ മൊഴിയിലാണ് കൂടുതൽ ക്രമക്കേടുകൾ വ്യക്തമായത്. അഡീഷണൽ ഡയറക്ടർ, രണ്ട് ഡെപ്യൂട്ടി ഡയറക്ടർമാർ എന്നിവരുൾപ്പെട്ട സംഘത്തിന്റെ അന്വേഷണത്തിലാണ് ഒന്നാം ഗ്രേഡ് സർവേയർ ഒ.ടി സന്ധ്യയുടെ ക്രമക്കേടുകൾ വ്യക്തമായത്. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സന്ധ്യയെ സസ്പെൻഡ് ചെയ്യത്.