തിരുവനന്തപുരം: ഡോക്ടറാകാൻ കഠിനമായി പഠിച്ചതോടെ 1200 മാർക്കിന്റെ നിറവിലെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് എസ്.സഞ്ജനകൃഷ്‌ണ. വഴുതക്കാട് ചിന്മയ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ സഞ്ജനയ്ക്ക് മെഡിക്കൽ രംഗത്ത് ന്യൂറോളജി വിഭാഗത്തിൽ സ്‌പെഷ്യലൈസ് ചെയ്യണമെന്നാണ് ആഗ്രഹം.
സയൻസ് വിഭാഗത്തിൽ ബയോമാത്സ് വിദ്യാർത്ഥിയാണ് വലിയശാല ലക്ഷ്മി ഭവൻ നിവാസിയായ സഞ്ജന. പ്ളസ് വണ്ണിന് ഫുൾ മാർക്കിന് മൂന്നു മാർക്ക് കുറഞ്ഞപ്പോൾ പുനർമൂല്യനിർണയത്തിന് കൊടുത്ത് മുഴുവൻ മാർക്കും നേടിയത് പ്ളസ് ടുവിന് വലിയ ആത്മവിശ്വാസമേകി. പരീക്ഷയ്ക്ക് ഒരു മാസം മുമ്പ് കഠിനമായി പരിശ്രമിച്ചെന്നും സഞ്ജന പറഞ്ഞു. അച്ഛൻ സുനിൽകുമാറും അമ്മ ജയശ്രീയും പിന്തുണ നൽകി. സഞ്ജനയുടെ സഹോദരൻ സഞ്ജയ് കൃഷ്‌ണ പോളി ടെക്‌നിക്കിൽ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ്.