csi

തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണമേഖല മഹായിടവക അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായി മുൻ എസ്.പി കെ.ജി. സൈമൺ ചുമതലയേറ്റു.സിനഡ് പിരിച്ചുവിട്ട് പകരം മദ്രാസ് ഹൈക്കോടതി നിയമിച്ച രണ്ടംഗ ജഡ്ജിമാരുടെ സമിതിയാണ് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയെയും 15 അംഗ സമിതിയെയും നിയമിച്ചത്. മഹായിടവകയുടെ മുൻ അഡ്മിനിസ്ട്രേറ്റീവ് സമിതിയെ ബിഷപ് ഇൻ ചാർജായി ചുമതലയേറ്റ ഡോ. റോയ്സ് മനോജ് വിക്ടർ രണ്ടാഴ്ച മുമ്പ് പിരിച്ചുവിട്ടിരുന്നു. പിന്നാലെയാണ് ഈസ്റ്റ് കേരള മഹായിടവകാംഗം കൂടിയായ തൊടുപുഴ സ്വദേശി കെ.ജി. സൈമണെ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായി നിയമിച്ചത്. എൽ.എം.എസ് ആസ്ഥാനത്ത് ഡോ. റോയ്സ് മനോജ് വിക്ടറിന്റെ സാന്നിദ്ധ്യത്തിൽ ചുമതലയേറ്റു.

ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററായി ഡോ. സെൽവരാജിനെയും നിയമിച്ചിട്ടുണ്ട്. രാജദുരൈ, കെ.എം. ഹെസെക്കിയേൽ, റവ. ഡോ. സി.എ. ഡേവിഡ് ജോയി, റവ. എൻ.എസ്. സുജിത്ത്, റവ. കെ. ബിനോയി, റവ. സുനിൽ സ്പെൻസർ‌, ഡോ. ആർ.എൽ. രാഗ്, ആർ. ഗ്രേസി, ഡോ.ആർ.എസ്. ഹെലൻ ഹെസ്പി, അജോ ആർബർട്ട്, ഡി. ലോറൻസ്, വിൽഫ്രഡ് രാജ്, സുഗന്ധി ഭായി എന്നിവരാണ് സമിതി അംഗങ്ങൾ. സുതാര്യമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുകയാണ് മുഖ്യ ചുമതലയെന്നും നടപടികൾ തുടങ്ങിയതായും കെ.ജി. സൈമൺ പറഞ്ഞു.

തൊടുപുഴ എള്ളുംപുറം കൈയാലയ്ക്കകത്ത് കുടുംബാംഗമായ സൈമൺ,​ കൂടത്തായി കൊലക്കേസ് അടക്കം നിരവധി കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം,​ കാസർകോട്,​ കോഴിക്കോട്,​ പത്തനംതിട്ട,​ കൊല്ലം റൂറൽ എന്നിവിടങ്ങളിൽ പൊലീസ് സൂപ്രണ്ടായും തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായും പ്രവർത്തിച്ചിട്ടുണ്ട്. റിട്ട. അഡിഷണൽ ഡി.പി.ഐ അനിലയാണ് ഭാര്യ. അവിന സൈമൺ,​ ഡോ. അനിഷ എന്നിവർ മക്കളാണ്.