തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥി​ന്റെ ദാരുണ മരണത്തിനു പിന്നിലെ സത്യം കണ്ടെത്താൻ ഗവർണർ നിയോഗിച്ച റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് 20ന് കോളേജിലെത്തി പരിശോധന നടത്തും. കുസാറ്റിന്റെ തൃക്കാക്കര ക്യാമ്പസിലെ ഗസ്റ്റ്ഹൗസിലെ ഒന്നാം നമ്പർ മുറി കമ്മിഷന് ഓഫീസായി അനുവദിച്ചു. ഹൈക്കോടതി മുൻ പ്രോട്ടോക്കോൾ ഓഫീസർ എസ്. ശ്രീകുമാറാണ് കമ്മിഷൻ സെക്രട്ടറി. വയനാട് സ്പെഷ്യൽ ബ്രാഞ്ചിലെ റിട്ട. ഡിവൈ.എസ്.പി വി.ജി. കുഞ്ഞനും അന്വേഷണ സമിതിയിലുണ്ട്. വി.സിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം കമ്മിഷൻ അന്വേഷിക്കും. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണം. ഇത്തരം സംഭവങ്ങളൊഴിവാക്കാനുള്ള ശുപാർശകളും കമ്മിഷൻ നൽകും. കമ്മിഷന്റെ ചെലവുകൾ വെറ്ററിനറി സർവകലാശാല വഹിക്കണം.