തിരുവനന്തപുരം: പ്രാദേശികമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലം കണ്ടുവെന്നും ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരില്ലെന്നും കെ.എസ്.ഇ.ബി. ഈ വിലയിരുത്തൽ റിപ്പോർട്ട്
ഇന്നലെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം അംഗീകരിച്ചു. നിലവിലെ നിയന്ത്രണങ്ങൾ പ്രതിസന്ധി പൂർണ്ണമായും തീരുന്നതുവരെ തുടരാൻ അനുമതി നൽകി.
നിയന്ത്രണംവഴി പീക്ക് സമയത്തെ ഉപയോഗത്തിൽ ഏകദേശം 117 മെഗാവാട്ട് വൈദ്യുതി കുറയ്ക്കാനായെന്ന്കെ .എസ്.ഇ.ബി. വ്യക്തമാക്കി. വിതരണസംവിധാനത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ട്രാൻസ്‌ഫോർമർ, ട്രാൻസ്‌ഫോർമർ ഓയിൽ, വൈദ്യുതി മീറ്റർ എന്നിവയും മറ്റ് സാധനസാമഗ്രികൾ ലഭ്യമാക്കാനും യോഗം തീരുമാനിച്ചു.കെല്ലിൽ നിന്ന് ട്രാൻസ്ഫോർമർ കിട്ടാത്ത സാഹചര്യത്തിൽ മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വാങ്ങാനും കേടായ ട്രാൻസ്ഫോർമറുകൾ ഉടൻ മാറ്റിവെയ്ക്കാനും നിർദ്ദേശിച്ചു.അടിയന്തര ആവശ്യങ്ങൾക്കായി പ്രാദേശിക തലത്തിൽ സാധനസാമഗ്രികൾ വാങ്ങുന്നതിനുണ്ടായിരുന്ന നിയന്ത്രണം മാറ്റി കെ.എസ്.ഇ.ബി. സി.എം.ഡി. ഉത്തരവിറക്കിയിട്ടുണ്ട്.കൺട്രോൾ റൂം സംവിധാനമുള്ള ജില്ലകളിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ പീക്ക് സമയത്ത് പരിശോധന നടത്താനും യോഗം നിർദ്ദേശിച്ചു. ഉൗർജ്ജ സെക്രട്ടറി കെ.ആർ.ജ്യോതിലാലും കെ.എസ്.ഇ.ബി. സി.എം.ഡി. രാജൻ ഖോബ്രഗഡെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.