തിരുവനന്തപുരം: പ്രശസ്ത മലയാളം- ഹിന്ദി ചലച്ചിത്ര സംവിധായകൻ സംഗീത് ശിവന് കണ്ണീരോടെ യാത്രാമൊഴി. ഇന്നലെ വൈകിട്ട് നാലിന് മുബയ് ഓഷിയാവാര ഹിന്ദു ശ്മശാനത്തിലായിരുന്നു സംസ്കാരം. മകൻ ശന്തനു ശിവൻ ചിതയ്ക്ക് തീകൊളുത്തി. ഭാര്യ ജയശ്രീ,​ മകൾ സജ്ന ശിവൻ,​ സഹോദരങ്ങളായ സന്തോഷ് ശിവൻ (സംവിധായകനും ഛായാഗ്രാഹകനും)​ സഞ്ജീവ് ശിവൻ (സംവിധായകൻ)​,​ സരിത രാജീവ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ.

രോമാഞ്ചം,​ യോദ്ധ,​ നിർണയം,​ ഗാന്ധർവം തുടങ്ങിയ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സംഗീത് ശിവൻ ബുധനാഴ്ച വൈകിട്ടാണ് അന്തരിച്ചത്. മുംബയ് കോകിലബെൻ ആശുപത്രിയിലായിരുന്നു അന്ത്യം. രോമാഞ്ചത്തിന്റെ ഹിന്ദി റീമേക്കായ കപ് കപിയുടെ ഡബ്ബിംഗ് ജോലികൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കേ വൃക്കകളുടെ പ്രവർത്തനം തകരാറിലാവുകയും ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തു.

മുംബയ് അന്ധേരി വെസ്റ്റിലെ വീരദേശായ് റോഡിലുള്ള മെറിഡിയൻ അപ്പാർട്ട്മെന്റിൽ (ഫ്ലാറ്റ് നമ്പർ 2,​ ബിൽഡിംഗ് നമ്പർ 2)​ പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ ബോളിവുഡ് സിനിമയിലെ പ്രമുഖരായ അനുപം ഖേർ. ജാവേദ് ജാഫ്രി,​ ഷർബാനി മുഖർജി,​ ഫർദിൻ ഖാൻ,​ ഋതേഷ് ദേശ്‌മുഖ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന ശിവന്റെയും നിർമ്മാതാവായ ചന്ദ്രമണിയുടെയും മൂത്തമകനായ സംഗീത് ശിവൻ 1959ൽ തിരുവനന്തപുരത്ത് പോങ്ങുംമൂട്ടിലാണ് ജനിച്ചത്. സിനിമയിലെത്തുന്നതിന് മുമ്പ് 1976ൽ,​ ശിവനൊപ്പം പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്തിരുന്നു. ​ സന്തോഷ് ശിവനുമായി ചേർന്ന് പരസ്യ കമ്പനിയും സ്ഥാപിച്ചിരുന്നു.