1

സംഭവം പൂ‌ജപ്പുര ജയിലിൽ

തിരുവനന്തപുരം: പരോളിൽ മുങ്ങിയ കൊലക്കേസ് പ്രതി 21-ാം വർഷം പൂജപ്പുര ജയിലിൽ തിരിച്ചെത്തി. ഇടുക്കി കരിമണ്ണൂർ പാറേപ്പറമ്പിൽ വീട്ടിൽ തങ്കച്ചനാണ് (60) കക്ഷി.

വയനാട്ടിൽ തോട്ടം തൊഴിലാളിയായി കഴിയുകയായിരുന്നു. അസുഖം ബാധിച്ചതേടെ പണിക്കുപോകാൻ പറ്റാതായി. മുഴുപ്പട്ടിണി. ചികിത്സയും മുടങ്ങി. അങ്ങനെയാണ് ജയിലിലേക്കുള്ള മടങ്ങിവരവ്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് മരുമകൻ ജയിലിൽ എത്തിച്ചു. ഒളിവിലായിരുന്നപ്പോഴും തങ്കച്ചൻ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു.

1996ലാണ് തങ്കച്ചനെ കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2000ൽ തൊടുപുഴ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷിച്ചു. 2003ൽ 30 ദിവസത്തെ ആദ്യ പരോളിൽ ഇറങ്ങിയാണ് മുങ്ങിയത്. പൊലീസ് നാടാകെ തിരഞ്ഞിച്ചിട്ടും കിട്ടിയില്ല. വർഷങ്ങൾ കഴിഞ്ഞതോടെ അന്വേഷണം മതിയാക്കി. എന്നാലും, ജയിൽ അധികൃതർ അന്വേഷിക്കണമെന്ന് വർഷാവർഷം പൊലീസിന് കത്ത് നൽകി. കഴിഞ്ഞ ഏപ്രിൽ 26നാണ് അവസാനം നൽകിയത്.

ഉറപ്പിക്കാൻ വൈദ്യ

പരിശോധന

ജയിൽ റെക്കാഡിലെ ഫോട്ടോയിൽ ഉള്ളതിനേക്കാൾ തങ്കച്ചൻ ആകെ മാറിയിരുന്നു. മെഡിക്കൽ കോളേജിൽ വൈദ്യ പരിശോധന നടത്തി, രേഖകളും പരിശോധിച്ചാണ് തങ്കച്ചനാണെന്ന് ഉറപ്പിച്ചതെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. പൂജപ്പുര സെൻട്രൽ ജയിൽ ചരിത്രത്തിലെ ആദ്യ സംഭവമാണ്. പരോളിലിറങ്ങി 15 വർഷം മുങ്ങിനടന്നയാളെ പൊലീസ് കണ്ടെത്തി ജയിലിൽ എത്തിച്ചിട്ടുണ്ട്.