തിരുവനന്തപുരം: മദ്യലഹരിയിൽ ട്രാഫിക് പൊലീസുകാരനെ മർദ്ദിച്ച രണ്ടുപേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.കാട്ടാക്കട സ്വദേശികളായ ബാലു,അനിൽകുമാർ എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.മാനവീയം വീഥിക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരൻ ശിശുപാലനാണ് മർദ്ദനമേറ്റത്.

ഇന്നലെ വൈകിട്ട് 6ഓടെയാണ് സംഭവം.പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിൽ ട്രാഫിക് പൊലീസുകാരനെ പ്രതികൾ കഴുത്തിനുപിടിച്ച് തള്ളി മർദ്ദിക്കുകയായിരുന്നു.
ബൈക്ക് മാനവീയം വീഥിക്ക് സമീപം പാർക്ക് ചെയ്തശേഷം ബാലുവും അനിലും അടുത്തുള്ള കടയിൽ ചായ കുടിക്കാൻ പോയി. ഈ സമയത്ത് ഇവിടെയെത്തിയ ശിശുപാലൻ ബൈക്കിന്റെ ഫോട്ടോയെടുത്തു. ഇതുകണ്ടതോടെ പ്രതികൾ ഓടിയെത്തി പൊലീസുകാരനുമായി വാക്കുതർക്കമായി.'നോ പാർക്കിംഗ് ' ഭാഗത്താണ് ബൈക്ക് പാർക്ക് ചെയ്‌തതെന്ന് പൊലീസുകാരൻ പ്രതികളോടെ പറയുകയും പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രകോപിതരായ പ്രതികൾ ശിശുപാലനെ മർദ്ദിക്കുകയായിരുന്നു.പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.