കല്ലമ്പലം: നാവായിക്കുളത്തു നിന്ന് വിനോദയാത്രയ്ക്ക് പോയ ആറംഗകുടുംബം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. നാവായിക്കുളം കടമ്പാട്ടുകോണം ഫാർമസി ജംഗ്ഷനു സമീപം വിളയിൽവീട്ടിൽ ഷിബുവും കുടുംബവും സഞ്ചരിച്ച കാറാണ് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിയന്ത്രണം വിട്ട് 300 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ഷിബുവിന്റെ മകൾ ഭദ്ര (18),ഭാര്യാ സഹോദരി സിന്ധു (45) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഷിബു (45), ഭാര്യ മഞ്ജു (42), മകൾ ഭാഗ്യ (12),സിന്ധുവിന്റെ മകൻ ആദിദേവ് (21) എന്നിവരെ പാല മാർ സ്ലീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദേശത്തായിരുന്ന ഷിബു നാവായിക്കുളം ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനായി അടുത്തിടെയാണ് അവധിയിൽ നാട്ടിലെത്തിയത്. ഇതിനിടെ കുടുംബത്തോടെ കഴിഞ്ഞ ദിവസം ടൂർ പോയതായിരുന്നു. നിയന്ത്രണംവിട്ട് താഴേക്ക് മറിഞ്ഞ കാറിൽ നിന്നു ഇവരെ പുറത്തെടുക്കുക ഏറെ പ്രയാസകരമായിരുന്നു. പെരുവന്താനം സി.ഐ പ്രശോഭിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫയർഫോഴ്സും നാട്ടുകാരും മറ്റൊരു വഴിയിലൂടെ താഴെയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചാറ്റൽമഴയിൽ രക്ഷാപ്രവർത്തനം ഏറെ സങ്കീർണമായിരുന്നു. പെരുവന്താനം ഗവ.ആശുപത്രിയിലുള്ള മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പെരുവന്താനം പൊലീസ് കേസെടുത്തു.