പൂവാർ: അരുമാനൂർ പനച്ചമൂട്ടുകുളം നവീകരണമില്ലാതെ നാശത്തിലേക്ക്. കരിയിലയും പായലും മാലിന്യവും മൂടി കിടക്കുകയാണ് പനച്ചമൂട്ടുകുളം. ഏതാനും മാസങ്ങൾക്ക് മുൻപ് തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കിയ കുളം വീണ്ടും പഴയപടിയായെന്നും പ്രദേശവാസികൾ പറയുന്നു.
വേനൽകാലത്ത് പായലും ചെളിയും പൂർണമായും മാറ്റി വെള്ളം നിറയ്ക്കാൻ കഴിയാതെ പോയതും, കുളത്തിന് ചുറ്റുമുള്ള വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ച് മാറ്റാൻ കഴിയാതിരുന്നതും വെള്ളം മലിനമാകാൻ കാരണമായെന്ന് നാട്ടുകാർ പറയുന്നു.
പനച്ചമൂട്ടുകുളം, കാട്ടുകുളം എന്നിവിടങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം താമരക്കുളത്തിൽ നിറയും. കൂടാതെ ശാസ്താംകുളത്തിൽ നിന്നുള്ള വെള്ളവും കൈത്തോടു വഴി കൈപ്പൂരിയിൽ എത്തിച്ചേരും. ഈ ജലസമൃദ്ധിയാണ് കൈപ്പുരിയിൽ ഇരുപ്പൂ കൃഷിയും പുഞ്ചക്കൃഷിയും ചെയ്യാൻ സഹായിക്കുന്നതെന്ന് പഴമക്കാർ പറയുന്നു.
ജലസ്രോതസുകൾ സംരക്ഷിക്കുന്നതിനും നിലനിറുത്തുന്നതിനും അവയുടെ വിനിയോഗം,പരിപാലനം,സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്നതിനും ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കേണ്ടതുണ്ട്.
സംഭരണശേഷിയില്ല
പ്രദേശത്തെ കുളങ്ങൾക്ക് ഇന്ന് സംഭരണ ശേഷിയില്ലാതായി.കൈയേറ്റവും പരിപാലന കുറവും കുളങ്ങളുടെ സ്വാഭാവിക വിസ്തൃതി കുറച്ചു. തണ്ണീർത്തടങ്ങളും നെൽവയലുകളും സംരക്ഷിക്കാനുള്ള 2008ലെ നിയമം ഭേദഗതി ചെയ്തതോടെ ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമായി.
കൃഷിക്കും ആശ്രയം
പ്രദേശത്തെ തലക്കുളമാണ് പനച്ചമൂട്ടുകുളം,കൂടാതെ താമരക്കുളം കാട്ടുകുളം, ശാസ്താംകുളം തുടങ്ങിയ കുളങ്ങളിലെ ഒരിക്കലും വറ്റാത്ത ജലസമൃദ്ധിയാണ് പ്രദേശത്തെ കൃഷിയെ പരിപോഷിപ്പിച്ചിരുന്നത്. 200 ഓളം ഹെക്ടർ വിസ്തൃതിയിൽ നെൽകൃഷി ചെയ്തിരുന്ന കൈപ്പൂരി ഏലാ വെള്ളത്തിനായി ഈ കുളങ്ങളെയാണ് ആശ്രയിച്ചിരുന്നത്.