ukl

ഉഴമലയ്ക്കൽ: കൊടും വേനലിൽ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ തണ്ണിമത്തൻ കൃഷി നശിച്ചു. ചക്രപാണിപുരം ആഴകത്താണ് ഉഴമലയ്ക്കൽ കുടുംബശ്രീയുടെ ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ് (ജെ.എൽ.ജി) ആയ നവകേരള മൂന്ന് ഏക്കർ സ്ഥലത്ത് തണ്ണിമത്തൻ കൃഷി നടത്തിയത്. വേനൽക്കാലത്ത് വലിയ വിളവെടുപ്പ് പ്രതീക്ഷിച്ച് രണ്ടുമാസം മുമ്പ് തുടങ്ങിയ കൃഷി നശിച്ചതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് നവകേരള ഗ്രൂപ്പിലുണ്ടായതെന്ന് ജീവ പ്രോജക്ട് റിസോഴ്സസ് പേഴ്സൺ അജിതകുമാരി പറയുന്നു. തണ്ണിമത്തന് പുറമേ പയർ,വെണ്ട, മുളക്,വെള്ളരി,ചീര,വഴുതന,കത്തിരി,സലാഡ് വെള്ളരി,വെറ്റില കൃഷി തുടങ്ങിയവയും നശിച്ചു.
കുടുംബശ്രീയുടെ പ്രതിമാസ നാട്ടു ചന്തയ്ക്കുള്ള പച്ചക്കറികൾ നൽകുന്നത് നവ കേരള ഗ്രൂപ്പാണ്. കൃഷിനാശം സംഭവിച്ച കർഷകർക്ക് സാന്ത്വനമായി ഗ്രാമപഞ്ചായത്തിന്റെ വക വിത്തുംവളവും കൃഷിഭവൻ വഴി വിതരണം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത അറിയിച്ചു.